അപായ മണി മുഴങ്ങുന്പോൾ...

പ്രദീപ് പുറവങ്കര
ഒരു യുദ്ധകാലത്തിന്റെ നിഴലിലാണ് ലോക ജനത ഇപ്പോഴുള്ളത്. എല്ലാ കാലത്തും യുദ്ധങ്ങൾക്ക് നേതൃത്വം നൽകിയവരൊക്കെ അധികാരത്തിനോട് അമിതമായ താൽപ്പര്യം വെച്ചു പുലർത്തിയവരാണ്. അധികാരകൊതിയോടൊപ്പം അഹങ്കാരവും എടുത്തുച്ചാട്ടവും കൂടി ഒരുപോലെ കലർന്ന രണ്ട് പേരാണ് ഇത്തവണ യുദ്ധഭീഷണികൾ പരസ്പരം മുഴക്കികൊണ്ടിരിക്കുന്നത്. അംഗൻവാടിയിൽ വാശി പിടിച്ച് കരയുന്ന, പരസ്പരം വഴക്കുണ്ടാക്കുന്ന വഴക്കാളി പിള്ളേരെ പോലെയാണ് ഈ രണ്ട് രാഷ്ട്ര തലവൻമാർ ലോകത്തെയാകെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ പ്രസിഡണ്ട് ഡോണൾഡ് ട്രംപും, ഉത്തരകൊറിയയുടെ നേതാവ് കി ജോംഗ് ഉന്നും ചേർന്ന് പരസ്പരം നടത്തുന്ന പോർ വിളികൾ അത്ര മാത്രം ഭയാനകമാകുന്നതിന്റെ പ്രധാന കാരണം ഇനിയൊരു ലോക മഹായുദ്ധമുണ്ടായാൽ ഇവിടെ മനുഷ്യനുണ്ടാകില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഉത്തര കൊറിയക്കൊപ്പം തന്നെ മിഡിലീസ്റ്റ് രാജ്യങ്ങളുടെ സുരക്ഷാകാര്യങ്ങളിൽ വിള്ളൽ വീഴ്ത്തുവാൻ തുടർച്ചയായി ശ്രമിക്കുന്ന ഇറാനെതിരെയും അമേരിക്കയും ട്രംപും കർശനമായ നിലപാടുകൾ എടുക്കാൻ തുടങ്ങിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളും അതേ ഭാഷയിൽ തന്നെ മറുപടി കൊടുക്കുന്നുമുണ്ട് എന്നതാണ് പേടിപ്പിക്കുന്ന കാര്യം.
അമേരിക്കയുടെ മുഖ്യമായ താൽപ്പര്യം ആയുധ വിപണനവുമായി ബന്ധപ്പെട്ടുള്ള കച്ചവടങ്ങളാണെന്ന് എത്രയോ തവണ അവർ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇറാഖും, അഫ്ഗാനിസ്ഥാനും അതു പോലെ മറ്റ് പല രാജ്യങ്ങളും അതിന്റെ ഉത്തമോദഹരണങ്ങളാണ്. പക്ഷെ ആ യുദ്ധങ്ങളെക്കാൾ ഇപ്പോഴത്തെ സാഹചര്യം ഭീകരമാകുന്നത് ഉത്തരകൊറിയയുടെ കൈയിൽ ഉണ്ടെന്ന് പറയപ്പെടുന്ന അതിവിനാശകരമായ ആയുധങ്ങളാണ്. ഈ ലോകത്ത് നിന്ന് മനുഷ്യരാശിയെ തന്നെ പൂർണമായും തുടച്ച് നീക്കാൻ സാധിക്കുന്ന തരത്തിലാണത്രെ ഇവരുടെ ആയുധ ശേഷി. അതോടൊപ്പം സ്വന്തം അനുയായികളെയും, ബന്ധുക്കളെയും പോലും യാതൊരു ദയയുമില്ലാതെ നിഷ്കരുണം കൊലപ്പെടുത്താൻ മനസുള്ള ഒരു ഭ്രാന്തൻ ഭരണാധികാരിയാണ് അവർക്കുള്ളതെന്ന യാത്ഥാർത്ഥ്യവും നിലനിൽക്കുന്നു. ആ ഭ്രാന്തൻ മനസിൽ ഈ ലോകത്തെ നശിപ്പിക്കാനുള്ള തോന്നലുണ്ടാകുമോ എന്നതാണ് പൊതുവേ ആശങ്കപ്പെടുത്തുന്ന കാര്യം.
ഇരു പക്ഷവും വിനാശകരമായൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും സൈദ്ധാന്തികമായി വിപുലീകരിക്കപ്പെടാവുന്ന ഒരവസ്ഥയിലാണ് ഈ അവസ്ഥ ഇപ്പോഴുളളത്. വളരെ കടുത്ത തരത്തൽ മൂർച്ചയേറിയതും പ്രകോപനപരവുമായ വാക്‌പോരുകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഈ സാഹചര്യം. ഉത്തര കൊറിയയെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിന് പകരം ഈ ഭീഷണി നേരിടാനുള്ള ഒരു തന്ത്രം ലോകരാജ്യങ്ങളുടെ നേതാക്കൾ കൂടിയിരുന്നു എടുക്കമെന്ന ഒരു പ്രതീക്ഷ മാത്രം ബാക്കിവെച്ചുകൊണ്ട്...