തു­ടരു­ന്ന തീ­ക്കളി­...


വി.ആർ. സത്യദേവ് 

sathya@dt.bh

     

നഴ്സറിക്കുട്ടികൾ പരസ്പരം വഴക്കടിക്കുന്നത് നിസ്സാര കാര്യങ്ങൾക്കാവും. അവർ നിർബന്ധബുദ്ധികളാണ്. അൽപ്പ നേരം കഴിയുന്പോൾ പിണക്കം മറന്ന് അവർ ഒന്നിക്കുകയും കളിചിരികളിൽ ഏർപ്പെടുകയും ചെയ്യും. അവർക്ക് സ്ഥാപിത താൽപ്പര്യങ്ങളില്ല. അവസാനിക്കാത്ത പിടിവാശികളുമില്ല. അവരുടെ പിണക്കങ്ങളാകട്ടെ ആർക്കും വലിയ ദോഷങ്ങൾ ഉണ്ടാക്കാത്തതുമാണ്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നായകന്മാരെക്കുറിച്ച് റഷ്യ നടത്തിയ നിരീക്ഷണം അംഗീകരിക്കാനാവില്ല. കുട്ടിക്കളിയെന്ന് നിസ്സാരവൽക്കരിക്കാവുന്ന കളിയൊന്നുമല്ല അമേരിക്കയും ഉത്തര കൊറിയയും നടത്തിക്കൊണ്ടിരിക്കുന്നത്. എവിടെയൊരു സംഘർഷമുണ്ടായാലും അതൊക്കെ ആഗോള സമാധാന ഭീഷണിയാണെന്ന് ചിത്രീകരിക്കാൻ ചിലർക്കു തിടുക്കമാണ്. കിളിയെയും കഷ്ടിച്ചു പുലിയെയും മാത്രം വെടിവയ്ക്കാൻ പറ്റുന്ന തോക്കുകൊണ്ട് പ്രാകൃതമായ തോന്ന്യാസം കാട്ടുന്നവർ വരെ ഇത്തരത്തിലുള്ള ആഗോള ഭീഷണി പട്ടികയിൽ വരും. 

സാധാരണ ഗതിയിൽ ലോക പൊലീസായ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടികയിൽ പെടുന്നതും അതിലെ സ്ഥാനക്കയറ്റിറങ്ങളുമൊക്കെ. അതിനു പറയുന്ന കാര്യങ്ങൾ പലപ്പോഴും അമേരിക്കയുടെ ഭാവനയിൽ വിരിയുന്നതു മാത്രമാവുകയും ചെയ്യും. അതിന് ഏറ്റവും വലിയ ഉദാഹരണമായി സദ്ദാം ഹുസ്സൈൻ തിക്രിതിയെന്ന ഇറാഖി നായകൻ്റെ പതനം ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി തെളിഞ്ഞു നിൽക്കുന്നു. സദ്ദാമിൻ്റെ കൈയിൽ തീവ്രനാശശേഷിയുള്ള ആയുധങ്ങളുണ്ടെന്നതായിരുന്നു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ അമേരിക്ക നിരത്തിയ കാര്യങ്ങളിൽ പ്രധാനം. ആ ആയുധകഥ കേവലം കെട്ടുകഥ മാത്രമായിരുന്നെന്ന് ഇന്നു നമുക്കറിയാം. സദ്ദാമിനെ നശിപ്പിക്കണമെന്നു തീരുമാനിക്കുകയും നശിപ്പിച്ച് ഇല്ലായ്മ ചെയ്ത് തങ്ങളുടെ താൽപ്പര്യങ്ങൾ നടപ്പാക്കാമെന്നു തിരിച്ചറിയുകയും ചെയ്തതോടെയായിരുന്നു അമേരിക്കയുടെ സൈനിക നടപടി. 

എന്നാൽ ഇവിടെ കാര്യങ്ങൾ പൂർണ്ണമായും ആ പതിവുകളൊക്കെ തെറ്റിക്കുന്നതാണ്. ഉത്തര കൊറിയയുടെ പക്കൽ ലോക വിനാശകാരികളായ ആയുധങ്ങളുണ്ട് എന്നത് കേവലം അമേരിക്കയുടെ ആരോപണം മാത്രമല്ല. അത് ലോകത്തിനെല്ലാമറിയാവുന്ന സത്യമാണ്. അത് ആഗോള ഭീഷണിയുമാണ്. അതിനുമപ്പുറം ആ ഭീഷണിയുടെ അളവ് അനുനിമിഷം വർദ്ധിക്കുന്നു എന്നതാണ് വാസ്തവം. ഒരോ ദിവസവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന വൻകിട നിർമ്മാതാക്കളുടേതിന് സമാനമാണ് ഉത്തര കൊറിയയിൽ നിന്നുള്ള ആയുധ പരീക്ഷണ വർത്തമാനങ്ങൾ. ഓരോ തവണയും പ്രഹര ശേഷി കൂടുതലുള്ള ആയുധങ്ങളാണ് അവർ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യമൊക്കെ പാകിസ്ഥാനെപ്പോലെ വിലക്കു വാങ്ങിയതും അടിച്ചു മാറ്റിയതുമായ സാങ്കേതിക വൈദഗ്ദ്ധ്യമാണ് കമ്യൂണിസ്റ്റ് കൊറിയയും പ്രദ‍ശിപ്പിക്കുന്നത് എന്നായിരുന്നു നിരീക്ഷക പക്ഷം. എന്നാൽ തുടർന്നിങ്ങോട്ടുള്ള പരീക്ഷണങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും അത് ആയുധങ്ങളാക്കാനുമുള്ള സ്വയം പര്യാപ്തത ആ രാഷ്ട്രം നേടിയിട്ടുണ്ട് എന്നു തന്നെയാണ്.

നിരന്തര പരീക്ഷണങ്ങളിലും സാങ്കേതിക വിദ്യാ വികസനത്തിലൂടെയുമാണ് മനുഷ്യകുലം ഇന്നു കാണുന്ന എല്ലാ മേന്മകളും സ്വന്തമാക്കിയത് എന്ന സത്യം അവഗണിക്കാനാവില്ല. എന്നാൽ സാങ്കേതിക വികസനവും കണ്ടുപിടുത്തങ്ങളുമൊക്കെ ലോകോപകാര പ്രദമായാലേ ഗുണകരമാവൂ. സമൂഹത്തിലെ വലിയ വിഭാഗങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കാനും പൊതുവായ ജീവിതം കൂടുതൽ സരളമാക്കാനും ഉതകുന്നതാവണം കണ്ടു പിടുത്തങ്ങൾ. ഉത്തര കൊറിയയിലെ കാര്യം അങ്ങനെയല്ല എന്നതാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പാർട്ടി സർവ്വാധിപത്യത്തിനപ്പുറം കിം ജോംഗ് ഉൻ എന്ന അസാധാരണൻ്റെ ഏകാധിപത്യം പുലരുന്ന നാടാണ് ഉത്തര കൊറിയ. അരും കൊലകളുടെ എണ്ണമില്ലാക്കഥകളാണ് ആ നാട്ടിലേതായി നമ്മൾ കേട്ടിട്ടുള്ളത്. ഏകാധിപതിയുടെ ഇഷ്ടക്കേടിനു പാത്രമായാൽ ഏറ്റവുമടുപ്പക്കാർക്കുപോലും അതിക്രൂരമായ അന്ത്യമാവും വിധി. അധികാരത്തിലെത്തിയ നാളുകളിൽ കിമ്മിനു തുണയായിരുന്ന മാതുലൻ മരിച്ചത് കിമ്മിൻ്റെ ആജ്ഞപ്രകാരം അഴിച്ചു വിടപ്പെട്ട വേട്ടനായക്കളുടെ കടികളേറ്റായിരുന്നു. അധികാരക്കസേരയ്ക്ക് എന്നെങ്കിലും ഭീഷണിയായേക്കാവുന്ന അർത്ഥ സഹോദരൻ മാരക വിഷ പ്രയോഗത്തിൽ മരിച്ചു. വാർത്താ പ്രചാരണത്തിനും വിനിമയത്തിനും വിലക്കുകൾ ഏറെയുള്ള കൊറിയയിൽ നിന്നും വരുന്ന വാർത്തകളിൽ ഏതു വിശ്വസിക്കണമെന്ന് തീരുമാനിക്കാൻ യുക്തിയുടെ മാത്രം പിൻബലം മതിയാവില്ല. എന്നിരിക്കിലും അതി പൈശാചികത ആ രാഷ്ട്ര നായകൻ്റെ മുഖമുദ്രയാണെന്നു കരുതാതിരിക്കാൻ വഴിയില്ല. 

തെക്കൻ കൊറിയയുമായുള്ള കുടിപ്പകയും വൈരവും തന്നെയാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ മൂല കാരണം. അതിൽ തെക്കൻ കൊറിയൻ പക്ഷത്തുള്ള അമേരിക്കയുടെ താൽപ്പര്യങ്ങൾ അവരെ ഉത്തര കൊറിയയുടെ ഒന്നാം നന്പർ ശത്രുവാക്കുകയായിരുന്നു. ഇതിൻ്റെ പിന്നാന്പുറം പരിശോധിച്ചാൽ വൻശക്തികളുടെ ആയുധ കച്ചവട താൽപ്പര്യങ്ങൾ നമുക്കു വ്യക്തമാകും. ആയുധ വിപണിയിലും ആഗോള രാഷ്ട്രീയത്തിലും ഇത്തരം പരസ്പര ബന്ധിതമായ കളികൾ നമുക്കു കാണാം. അതെന്തായാലും അമേരിക്ക− ഉത്തര കൊറിയ കളി കാര്യമായിക്കഴിഞ്ഞു. ഈ പോക്ക് സർവ്വ നാശത്തിനുപോലും വഴിവെച്ചേക്കാം. പരസ്പരം ആക്രമിക്കാനുള്ള മിസൈലുകൾ വികസിപ്പിച്ചതിനെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ഇതുവരെ കേട്ടിരുന്നത്. കൊറിയ ആ തലം വിട്ട് ലോകനാശക ശേഷിയുള്ള ആയുധങ്ങളുടെ പരീക്ഷണങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നു. ഈ മാസമാദ്യം അവർ നടത്തിയത് 120 കിലോ ടൺ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷണമായിരുന്നു. അതിൻ്റെ ആഘാതത്തിൽ ഒരു പർവ്വതത്തിനു തന്നെ ഇടിവു തട്ടിയതായി റിപ്പോർട്ടുകളുണ്ട്. ആ ഹൈഡ്രജൻ ബോംബിൻ്റെ സ്‌ഫോടനത്തെ തുടർന്ന് റിച്ചർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂഗോളത്തിന് കടുത്ത ആഘാതമാണ് ഇതുണ്ടാക്കുന്നത്. ഇവിടം കൊണ്ടും ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണി അവസാനിക്കുന്നില്ല. ആയുധ പരീക്ഷണത്തിൽ അവർ നടപ്പാക്കാൻ പോകുന്നു എന്നു പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രീതിയുടെ അവസാനം എങ്ങനെയായിത്തീരുമെന്ന് ആശങ്കയിലാണ് ലോകം. ആഴത്തിൽ കുഴിച്ച ഭൂഗർഭ ഗുഹകൾക്കുള്ളിലാണ് സാധാരണയായി അണ്വായുധ പരീക്ഷണങ്ങൾ നടത്താറുള്ളത്. സ്‌ഫോടനത്തിൻ്റെ ആഘാതം വലിയൊരളവ് ഭൂഗോളം താങ്ങും എന്നതിനാലാണ് ഇത്. അതിനു വിപരീതമായി ഭൗമോപരിതലത്തിൽ തന്നെ അണ്വായുധ പരീക്ഷണത്തിനാണ് കൊറിയ ഇപ്പോളൊരുങ്ങുന്നത്. ശാന്ത സമുദ്രത്തിനു മുകളിൽ പരീക്ഷണ സ്‌ഫോടനം നടത്താനാണ് കൊറിയ തയ്യാറെടുക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിനപ്പുറം 1980ൽ ചൈനയാണ് ഇത്തരത്തിലൊരു പരീക്ഷണം ഇതിനു മുന്നേ നടത്തിയത്. പരീക്ഷണം പിഴച്ചാലുണ്ടാകുന്ന നാശം പ്രവചനാതീതമായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയുടെ അളവ് അനു നിമിഷം വളരുക തന്നെയാണ്. 

അമേരിക്കയുടെ പ്രകോപനങ്ങളാണ് ഉത്തര കൊറിയൻ പരീക്ഷണങ്ങളുടെ വേഗത കൂട്ടുന്നത് എന്ന ആരോപണം ശക്തമാണ്. അതിൽ കഴന്പില്ലാതില്ല. വർഗ്ഗശത്രുവായ തെക്കൻ കൊറിയയെ പിന്തുണയ്ക്കുന്നതിലൂടെ തുടങ്ങിവച്ചതാണ് ആ പ്രകോപനം. അടുത്തിടെ ഉത്തര കൊറിയക്കെതിരേ അമേരിക്ക നടപ്പാക്കിയ അതിശക്തമായ ഉപരോധങ്ങളാണ് ഇനിയൊന്ന്. ഉത്തരകൊറിയയുടെ സുപ്രധാന വരുമാന മാർഗ്ഗങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാക്കാനാണ് അമേരിക്കയുടെ നീക്കം. അതിന് ആക്കം പകരുന്നതാണ് ഇരു രാഷ്ട്ര നായന്മാരും നടത്തുന്ന പുലയാട്ട്. 

കഴിഞ്ഞ ദിവസം അടുത്തൊരു വലിയ ആയുധ പരീക്ഷണം കൂടി കൊറിയ നടത്തിയതോടേ കൊറിയൻ അതിർത്തിക്കു മുകളിലൂടെ തങ്ങളുടെ യുദ്ധ വിമാനങ്ങൾ പറത്തിക്കൊണ്ടാണ് അമേരിക്ക പ്രതികരിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നടപടി. അമേരിക്കൻ വ്യോമാധിപത്യത്തിന്റെ ഭാവി എന്നറിയപ്പെടുന്ന എഫ് 35 വിമാനങ്ങളാണ് ഉത്തരകൊറിൻ മണ്ണിനു മുകളിൽ പറന്നെത്തിയത്. വഹിക്കാവുന്നത്ര സംഹാരായുധങ്ങളും വഹിച്ചു തന്നെയായിരുന്നു യുദ്ധ വിമാനങ്ങളുടെ പറക്കൽ. ഉത്തര കൊറിയയെ ഇല്ലായ്മചെയ്യുമെന്ന പ്രസി‍‍‍‍ണ്ട് ട്രംപിന്റെ വാക്കുകൾ പാലിക്കാൻ അമേരിക്കൻ സേന സജ്ജമാണെന്ന പ്രഖ്യാപനമാണ് െസ്റ്റൽത്ത് ഫൈറ്റർ വിമാനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയത് എന്നുറപ്പ്. മേഖലയിൽ ഭീഷണിയുടെ കാർമേഘങ്ങൾക്ക് കനമേറുന്നു.

ഇതിനിടെ അമേരിക്ക ഇറാൻ ബന്ധവും കൂടുതൽ ഉലയുകയാണ്. ഇറാന്റെ പുതിയ മിസൈൽ പരീക്ഷണവും ഇരു രാഷ്ട്ര നേതാക്കളുടെയും പ്രസ്താവനാ യുദ്ധവും ഇതാണു വ്യക്തമാക്കുന്നത്. ഇറാന്റെ പ്രധാന കയറ്റുമതി അക്രമവും രക്തച്ചൊരിച്ചിലുമാണ് എന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസി‍‍‍‍ഡണ്ട് ട്രംപ് ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞിരുന്നു. മദ്ധ്യേഷ്യയിൽ അസ്വസ്ഥതകൾ വിതയ്ക്കുന്നത് ഇറാനാണെന്നും പ്രസംഗത്തിൽ ട്രംപ് ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾ പിൻവലിച്ച് ട്രംപ് മാപ്പു പറയണമെന്ന് ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനിയും തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ്റെ മിസൈൽ പരീക്ഷണ വാർത്ത പുറത്തു വന്നിരിക്കുന്നത്. മദ്ധ്യദൂര മീസൈലായ ഖൊറംഷേറാണ് ഇറാൻ പരീക്ഷിച്ചത് എന്നാണറിയുന്നത്. ഇതിനുപുറമേ ഒരു ആണവേതര ബോംബും തങ്ങളുടെ പക്കലുണ്ടന്ന് ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. വാക്കുകളും തോക്കുകളും പരസ്പരാക്രമണം തുടരുന്പോൾ അപകടത്തിലാവുന്നത് ആഗേള സമാധാനമാണ്. 

You might also like

Most Viewed