രാഷ്ട്രപതിയായി കോവിന്ദ് എത്തുന്പോൾ

പ്രദീപ് പുറവങ്കര
സ്വതന്ത്ര ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി അതിശയങ്ങളൊന്നും തന്നെ ബാക്കി വെക്കാതെ രാംനാഥ് കോവിന്ദ് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദളിത് വിഭാഗത്തിൽ നിന്ന് മലയാളിയായ കെ.ആർ നാരായണന് ശേഷം ഒരാൾ രാഷ്ടത്തിന്റെ നാഥനാകുന്നു എന്ന പ്രത്യേകതയാണ് ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം വളരെ ആലങ്കാരികമായ ഒരു പദവിയാണ് രാഷ്ട്രപതിയുടെത്. രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്പോൾ തന്നെ രാഷ്ട്രത്തെ ഭരിക്കാനുള്ള അവകാശം രാഷ്ട്രപതിക്കില്ലെന്ന് പറഞ്ഞത് ഭരണഘടനയുടെ ശില്പി ബി.ആർ അംബേദ്കറാണ്. ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കുകയും, പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് മറ്റുള്ള അധികാര കസേരകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന വ്യക്തി സത്യപ്രതിജ്ഞ ചെയ്യുന്നത്.
കഴിഞ്ഞ കാലത്ത് നമ്മുടെ രാഷ്ട്രപതികളായി വന്ന 13 പേരും പ്രവർത്തനശൈലികളിൽ ഏറെ വ്യത്യസ്തരായിരുന്നു. ജനകീയനായ ഒരു രാഷ്ട്രപതിയായി എ.പി.ജെ അബ്ദുൽ കലാം ആ സ്ഥാനത്തിരുന്നപ്പോൾ, പണ്ധിതശ്രേഷ്ഠനായിട്ടാണ് ശങ്കർദയാൽ ശർമ്മയെ നമ്മൾ ബഹുമാനിച്ചത്. ഇതിനിടയിൽ വന്ന രണ്ട് പേർ ഫക്രൂദിൻ അലി അഹമ്മദും, നീലം സഞ്ജീവ റെഡ്ഡിയും തങ്ങൾ ചെയ്ത സത്യപ്രതിജ്ഞ അല്പമെങ്കിലും മറന്നുപോയവരാണെന്ന് പരാതിപ്പെടുന്നവരും നമ്മുടെ ഇടയിലുണ്ട്. അടിയന്തിരാവസ്ഥ എന്ന കാടൻ വ്യവസ്ഥയ്ക്ക് അനുമതി നൽകിയത് ഫക്രുദ്ദീൻ അലിയായിരുന്നവെങ്കിൽ ഒന്പത് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയത് നീലം സഞ്ജീവ റെഡ്ഢിയായിരുന്നു. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജി നമ്മുടെ നാടിന്റെ ബഹുസ്വരത നിലനിർത്താനാണ് ആ സ്ഥാനം ഉപയോഗപ്പെടുത്തിയത്.
ഇങ്ങിനെ വ്യത്യസ്തമായ ആശയങ്ങളും പ്രവർത്തനങ്ങളും കണ്ട് പരിശീലിച്ച ഒരു സ്ഥാനത്തേക്ക് ശ്രീ. രാംനാഥ് കോവിന്ദ് കടന്നുവരുന്പോൾ ചില ആശങ്കകൾ നിലനിൽക്കുന്നു എന്നത് സത്യമാണ്. നമ്മുടെ രാജ്യം പ്രസിഡൻഷ്യൽ സംവിധാനത്തിലേയ്ക്ക് നടന്നു നീങ്ങണമെന്ന് വാദിക്കുന്നവരാണ് ജനാധിപത്യ വ്യവസ്ഥിതിയിലൂടെ നമ്മെ ഇപ്പോൾ ഭരിക്കുന്നത്. അത്തരമൊരു അവസ്ഥയിലേയ്ക്കും നിലപാടിലേയ്ക്കും നയിക്കുന്ന തരത്തിലുള്ള സഹായകരമായി മാറുമോ നിയുക്ത രാഷ്ട്രപതിയുടെ സ്ഥാന ലബ്ധി എന്നതാണ് ഇതിലെ ഏറ്റവും വലിയ ആശങ്ക. ബീഹാറിലെ ഗവർണറായത് മുതൽ തന്റെയുള്ളിൽ കക്ഷി രാഷ്ട്രീയം ഇല്ലെന്ന് ആണയിട്ട് ഈ ഗ്രാമീണനായ രാഷ്ട്രപതി ഉറപ്പിച്ച് പറയുന്പോഴും ആ സംശയം മുഴുവനായും മാറണമെങ്കിൽ വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കാത്തിരുന്നു കാണേണ്ടതുണ്ട്.
മതേതര ജനാധിപത്യം പിന്തുടരുകയും വ്യത്യസ്ത മതവിഭാഗങ്ങൾ ജീവിക്കുകയും സംസ്കാരങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. അത് തിരിച്ചറിയുന്നയാളായി കോവിന്ദ് മാറുമെന്ന ശുഭപ്രതീക്ഷ ഭാരതത്തിലെ ഒരു പൗരൻ എന്ന നിലയിൽ നിലനിർത്തുകയാണ് ഇപ്പോഴത്തെ അവസ്ഥയിൽ അഭികാമ്യം. പുതിയ രാഷ്ട്രപതിക്ക് അതുകൊണ്ട് തന്നെ ഹൃദയം നിറഞ്ഞ അഭിനന്ദനം. നമ്മുടെ നാടിന്റെ നന്മ നിലനിർത്താൻ താങ്കൾക്ക് സാധിക്കട്ടെ.