മനുഷ്യ ജീവിതത്തിലെ ഒറ്റ കിടപ്പുമുറികൾ

ഡോ. ജോൺ പനയ്ക്കൽ
ഒരു കിടപ്പുമുറിയുള്ള ഫ്ളാറ്റ്. അയാളുടെ അച്ഛന്റെ തുച്ഛമായ വരുമാനത്തിൽനിന്നും കഠിനാദ്ധ്വാനത്തിൽ നിന്നും കുറെ വർഷങ്ങൾക്കുശേഷം അച്ഛൻ വാങ്ങിയതാണ് ആ ഫ്ളാറ്റ്. സൗകര്യങ്ങൾ തീർത്തും കുറവ്. ഒരുകുളിമുറി, ചെറിയ അടുക്കള, സ്വീകരണമുറിയും ഡൈനിംഗ് ഏരിയായും ഒരുമിച്ച്. തികച്ചും പരിമിതികളുള്ള ഒരുതാമസസ്ഥലം. എങ്കിലും അയാളുടെഅച്ഛന്റെചിരകാലാഭിലാഷമായിരുന്നു ആ വീട്. അമേരിക്കയിലേയ്ക്ക് വിമാനം കയറുന്നതിന് മുന്പുതന്നെ ഈ ചെറുപ്പക്കാരൻ ആലോചിച്ചു ഉറപ്പിച്ചിരുന്നു, അച്ഛൻ വാങ്ങിയ വീട് മാറി ഒരുകിടപ്പുമുറികൂടിയുള്ള ഒരു‘റ്റുബെഡ്റൂം ഫ്ളാറ്റ്’ അമേരിക്കയിലെവരുമാനം കൊണ്ടുവാങ്ങണമെന്ന്. പിന്നെ കഥ തുടങ്ങുകയായി. കിട്ടുന്ന വരുമാനം ചെലവിനും വീട്ടാവശ്യങ്ങൾക്ക് അയച്ചുകൊടുക്കാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷം നാലുകഴിഞ്ഞിട്ട് ഒന്ന് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ പോലും അയാൾക്ക് കഴിഞ്ഞിട്ടില്ല. എഞ്ചിനീയറിംഗ് ബിരുദധാരിയാണയാൾ. വിമാനടിക്കറ്റിന്റെ തുക സംഘടിപ്പാൻ മാർഗ്ഗമില്ലാത്ത അയാൾ യാത്ര കൂടെക്കൂടെ മാറ്റിവെച്ചു. അമേരിക്കയിൽ അഞ്ച് വർഷം ജോലിചെയ്ത ശേഷം കുറേപ്പണം ഉണ്ടാക്കി തിരികെ ഇന്ത്യയിൽ വന്ന് ജോലിചെയ്യണമെന്ന മോഹം കുറെയൊന്നുമല്ലായിരുന്നു. ബർഗറും മാക്ഡോണാൾഡും പിസ്സയും കഴിച്ച് നാളുകൾ നീക്കി, സന്പാദ്യം മാത്രം മനസ്സിൽ കണ്ട്. പോക്ക് ശരിയല്ലെന്ന് കണ്ടിട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. പത്തുദിവസത്തെ അവധി മാത്രം. മൂന്ന് നാലുദിവസം പല പെൺകുട്ടികളുടെയും ഫോട്ടോകണ്ട് മടുത്തു. ഒടുവിൽ ഒന്നിനെ തിരഞ്ഞെടുത്തു. രണ്ട് മൂന്ന് ദിവസത്തിനകം തകൃതിയായി വിവാഹം നടത്തി. അച്ഛനമ്മമാർക്ക് കുറെപണം നൽകിയ ശേഷം ഭാര്യയുമായി 10 ദിവസത്തെ അവധി കഴിഞ്ഞപ്പോൾ അമേരിക്കയിലേക്ക് മടങ്ങി. രണ്ടു കിടപ്പുമുറികളുള്ള ഫ്ളാറ്റ് എന്ന സ്വപ്നം ബാക്കിവെച്ച് യാത്രയായി. ജോലിയില്ലാത്ത ഭാര്യയുമായുള്ള അമേരിക്കയിലെ താമസം കൂടുതൽ സാന്പത്തികബുദ്ധിമുട്ടുകൾക്ക് കാരണമായി. ഇതിനിടെ രണ്ട് കുട്ടികളുമുണ്ടായി. മൂത്തത് പെൺകുട്ടിയും ഇളയത് ആൺകുട്ടിയും. നാട്ടിലുള്ള മാതാപിതാക്കൾക്ക് കൊച്ചുമക്കളെ കാണണമെന്നാഗ്രഹം. ഓരോപ്രാവശ്യവും അവരുടെ നിർബ്ബന്ധമേറുന്പോൾ കുട്ടികളുമായി നാട്ടിലേയ്ക്ക് പോകണമെന്ന് തോന്നും. പക്ഷേ മടിശ്ശീലയിൽ കാശില്ല. ഒരുദിവസം സന്ദേശമെത്തി. അച്ഛനുമമ്മയും രോഗികളായി ആശുപത്രിയിലാണെന്ന്. എന്നിട്ടും അയാൾക്ക് നാട്ടിലെത്താൻ കഴിഞ്ഞില്ല. അവർ മരിച്ചു. അന്ത്യകർമ്മങ്ങൾക്കായിപ്പോലും അയാൾക്ക് എത്താൻ സാധിച്ചില്ല. ഒടുവിൽ കുടുംബസമേതം നാട്ടിലേക്ക് തിരികെപോകാൻ തീരുമാനിച്ചുറച്ചു. നാട്ടിലെത്തിയപ്പോൾ രണ്ട് ബെഡ്റൂം ഉള്ള വീടന്വേഷിച്ച് നടന്നു. എല്ലാറ്റിനും വില വർദ്ധിച്ചിരിക്കുന്നു. ഒടുവിൽ അമേരിക്കയിലേയ്ക്ക് തന്നെ മടങ്ങേണ്ടിവന്നു. ഭാര്യ കൂടെപ്പോകാൻ വിസമ്മതിച്ചു. അവൾക്ക് നാടായിരുന്നു ഇഷ്ടം. രണ്ടുകുട്ടികളും അദ്ദേഹവും തിരികെമടങ്ങി. രണ്ടുവർഷങ്ങൾക്ക് ശേഷം കുറെപ്പണം കൂടെ സന്പാദിച്ച് സ്ഥിരതാമസത്തിനായി നാട്ടിലെത്താമെന്ന വാഗ്ദാനവും ഭാര്യക്ക് നൽകി. കാലം കടന്നുപോയി.
മകൾ ഒരുഅമേരിക്കക്കാരനുമായി പ്രണയത്തിലായി. വിവാഹം കഴിഞ്ഞു. മകന് അമേരിക്കയിൽ തങ്ങുന്നതാണിഷ്ടം. നാട് അവനിഷ്ടമല്ല. അയാൾ മാത്രം നാട്ടിലേക്ക് മടങ്ങാൻ ഉറച്ചു, ഒരു രണ്ട് ബെഡ്റൂം ഫ്ളാറ്റ് വാങ്ങണമെന്ന മോഹത്തോടെ. ഇന്നയാൾക്ക് വയസ്സ് അറുപത്. ഭാര്യ മരിച്ചു. അച്ഛൻ സന്പാദിച്ച ഒറ്റ ബെഡ്റൂം ഫ്ളാറ്റിൽ തന്നെ താമസം. ഒരുബെഡ്റൂം കൂടെ വേണമെന്ന വ്യാമോഹത്തിൽ ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തിയ അയാൾ തിരിഞ്ഞുനോക്കുന്പോൾ, അച്ഛനും അമ്മയും ഭാര്യയും മക്കളുമെല്ലാം നഷ്ടങ്ങളുടെ ലിസ്റ്റിൽ പെടുന്നു. ഒരുചോദ്യം മാത്രം അവശേഷിക്കുന്നു, ‘ഇങ്ങനെയൊക്കെ വേണമായിരുന്നോ?’ അയാൾ ഇന്നും ഈ ചോദ്യത്തിനൊരു ഉത്തരം തേടി അലയുന്നു. ഒരു എക്സ്ട്രാബെഡ്റൂമിനുവേണ്ടി? ജീവിതം ഇതിനൊക്കെ അപ്പുറമല്ലെ? ആഗ്രഹപൂർത്തീകരണത്തിനായി ജീവിതം ഹോമിക്കരുത്. ഇനിയെങ്കിലും ജീവിച്ച് തുടങ്ങൂ.
രാഹൂൽ പട്ടേൽ എന്നയാൾ ഫെയ്സ് ബുക്കിൽ കുറെ നാളുകൾക്കു മുന്പ് കുത്തിക്കുറിച്ച അനുഭവകഥയാണ് മുകളിൽ കണ്ടത്. പ്രവാസികളായ നമ്മെ ചിന്തിപ്പിക്കുന്ന ഒരു അനുഭവം. നമ്മിൽ ചിലരെങ്കിലും ഈ കഥയിലെ കഥാപാത്രങ്ങളല്ലേ? ഒരുപിടി പ്രതീക്ഷയോടെ നാട്ടിൽ നിന്നും വിമാനം കയറുന്നു. പൂവണിയാത്ത പ്രതീക്ഷകളെ മനസ്സിന്റെ അകത്തളങ്ങളിലിട്ട് താലോലിക്കുന്നു. ഒരിടത്തുമെത്താതെ നിരർത്ഥകമായ പ്രതീക്ഷകൾ മനസിൽ മുഴച്ച് നിൽക്കുന്നു. ആഗ്രഹിച്ചതൊക്കെ നടന്നുവോ? പ്രതീക്ഷിക്കാത്തതൊക്കെ നടന്നുകഴിഞ്ഞില്ലേ? എന്നിട്ടും ആ രണ്ടുകിടപ്പുമുറികൾ ഉള്ള വീടെവിടെ? നമ്മുടെ പൂവണിയാത്ത പ്രതീക്ഷകളുടെ പ്രതീകമാണ് ആ വീട്! ഒറ്റമുറി കൊണ്ട് തൃപ്തരാകാൻ സാഹചര്യം നമ്മെ അനുവദിക്കുന്നില്ല. കാരണം അയൽക്കാരൻ കെട്ടിപ്പൊക്കുകയാണ് രമ്യഹർമ്യങ്ങൾ, വാങ്ങിക്കൂട്ടുകയാണ് പറന്പും പുരയിടവും! അയാളുടെ സാധ്യതകൾക്ക് സാഹചര്യം അനുകൂലം. എന്റെ സാധ്യതകൾക്ക് നിരവധി വിലങ്ങുതടികൾ!
കാലം മുടിയിൽ കറുത്ത ചായം പുരട്ടാൻ നിർബ്ബന്ധിച്ചിട്ടും എന്റെ ആഗ്രഹങ്ങൾ തിരുനക്കരത്തന്നെ. ഇനി തിരിച്ച് നാട്ടിൽ എത്തി കഴിയാമെന്ന് കരുതിയാലോ? എങ്ങനെ പിടിച്ചുനിൽക്കും? പെൻഷനില്ല, പുറം വരുമാനമില്ല, ഇൻഷൂറൻസില്ല മരുന്നുവാങ്ങാൻ! ഞാനും എന്റെ ആശകളും കൊണ്ട് ഞാൻ ഏകാന്തതയിലേയ്ക്ക് ഊളിയിടേണ്ടിവരും. കുടുംബാംഗങ്ങൾ ഒരുമിച്ച് ആത്മഹത്യ ചെയ്യുന്ന സംഭവംനിത്യേനയെന്നവണ്ണം പത്രവാർത്തയാകുന്നു. അത് വായിച്ച് വായനക്കാരന്റെ മനഃസാക്ഷിതന്നെ മരവിക്കുന്ന അവസ്ഥയിലായിട്ടുണ്ട്. നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെയും അപമൃത്യുവിന് ഇരയാക്കുന്നു. ഇപ്രകാരമുള്ള സാഹചര്യങ്ങൾക്ക് പിന്നിൽ കടക്കെണിയാണ് മിക്കവാറും കാരണമായിത്തീരാറുള്ളത്. കടഭാരം പൊടുന്നനെ ഉണ്ടാകുന്ന ഒന്നല്ല. അതുക്രമേണയായിട്ടാണ് വളർന്ന് ഊരാക്കുടുക്കായി പരിണമിക്കുന്നത്. കുടുംബങ്ങളുടെ സന്തോഷവും സമാധാനവും കെടുത്തുന്ന ഒന്നാണ് സാന്പത്തികമായ അച്ചടക്കമില്ലായ്മ. ധനം സന്പാദിക്കുന്നതിലും ചിലവാക്കുന്നതിലും ചില ധാർമ്മിക മാനദണ്ധങ്ങൾ പുലർത്തേണ്ടതുണ്ട്. അന്യായവും അവിഹിതവുമായ മാർഗ്ഗത്തിലൂടെ ധനം നേടിയ ശേഷം അതിന്റെ ഒരു ചെറിയ ഭാഗം ദേവാലയങ്ങൾക്ക് സംഭാവന നൽകി മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്നവർ കുറവല്ല. നീതിമാനായ ഈശ്വരനെ കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്താമെന്ന് കരുതുന്നുവെങ്കിൽ അതെത്ര വലിയ വിഡ്ഢിത്തമാണ്. ‘വെള്ളത്തിൽ കൂടിവന്നത് വെള്ളത്തിൽ കൂടിപോയി’ എന്നൊരുചൊല്ലുണ്ട്. അന്യായമായ മാർഗ്ഗങ്ങളിൽ കൂടി നേടുന്നത് അങ്ങനെതന്നെ ഇല്ലാതാകുമെന്നാണ് അതിന്റെ അർത്ഥം. ധനം എങ്ങനെ നാം നേടുന്നുവെന്നതുപോലെ പ്രധാനമാണ് എങ്ങനെ, എന്തിനുവേണ്ടി നാം പണം ചെലവിടുന്നുവെന്നുള്ളതും. ചില മതവിശ്വാസികൾ തങ്ങൾക്ക് ലഭിക്കുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് കൃത്യമായി മാറ്റിവെയ്ക്കുന്നു. മറ്റുള്ളവരെസഹായിക്കുന്നതിനാണത്. സ്വാർത്ഥതയ്ക്ക് പ്രതിരോധമായും പരസ്നേഹത്തിന് പ്രേരണയായും അതിനെകാണാം.
തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിനനുസൃതമായി പദ്ധതികൾ പ്ലാൻ ചെയ്യുവാനും അതിനനുസരിച്ച് ജീവിക്കുവാനും പരമാവധി പ്രയോജനം ലഭിക്കത്തക്കവിധം വിനിയോഗിക്കുവാനും കഴിവുള്ളവരാണ് കഷ്ടതയിലും പാടുന്നവർ. ഉപഭോഗ സംസ്കാരത്തിന്റെയും അനുകരണത്തിന്റെയും വിഭൂതിയ്ക്ക് അടിമപ്പെട്ട് വരുമാനത്തിന്റെ ആക്കം കണക്കിലെടുക്കാതെ ചെലവിടുന്നവർ അസംതൃപ്തരായിരിക്കും. വിപണന തന്ത്രം ഇന്ന് വളരെ വികസിപ്പിച്ച് എടുത്തിരിക്കുന്നു. സാമൂഹികശാസ്ത്രവും മനഃശാസ്ത്രവുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ ആവർത്തിച്ച് കാണുകയും കേൾക്കുകയും ചെയ്യുന്പോൾ നാമറിയാതെ നമ്മുടെ ഉപബോധമനസ്സിനെ അവ പിടിച്ചടക്കുന്നു. ഉപയോഗമില്ലാത്ത വസ്ത്രമാണെങ്കിൽ പോലും വീടുകളിൽ കയറിയിറങ്ങി വിൽപ്പന നടത്തുന്ന ഏജന്റുമാരുടെ വാക്കുകളിൽ കുടുങ്ങി പലതും വാങ്ങാൻ നിർബ്ബന്ധിതരാകുന്നു. അധികവും സ്ത്രീകളാണ് ഇവരുടെ കെണികളിൽ വീണുപോകുന്നത്. ഉദാരവ്യവസ്ഥകളിന്മേൽ ഉൽപ്പന്ന വായ്പ ലഭ്യമാകുന്പോൾ ഭാവി വരുമാനത്തിന്റെമേൽ വരുന്ന ബാദ്ധ്യത താങ്ങാനാവുന്നതാണോഎന്ന് പരിശോധിക്കാതെയുള്ള തീരുമാനമെടുക്കൽ ആശാസ്യമല്ല. തൽക്കാലത്തെ സൗകര്യം മാത്രം നോക്കി പല വായ്പാപദ്ധതികളിലും ചെന്നുചാടി അവസാനം കൊടുത്തുതീർക്കാനാവാതെ വരുന്പോൾ കടുംകൈചെയ്യാൻ നിർബന്ധിതരാകുന്നു.
സ്ത്രീജനങ്ങൾ കൂടുതൽ അവധാനതയും ആത്മനിയന്ത്രണവും പാലിക്കേണ്ടതുണ്ട്. അടുത്ത വീട്ടിൽ എന്തെങ്കിലും ഉപകരണമോ, വേഷവിധാനമോ വാങ്ങിയാൽ ഇവിടെയും അതിൽ കുറയാത്ത ഒന്ന് വാങ്ങണമെന്ന ശാഠ്യമാണ് പലരെയും കുഴപ്പത്തിലാക്കുന്നത്. സ്വന്തം വരുമാനവും സാന്പത്തികശേഷിയും കണക്കിലെടുത്ത് മാത്രമേ ചെലവുകൾ വരുത്താവൂ. നമ്മുടെ പ്രാഥമികാവശ്യങ്ങൾ, സുഖസൗകര്യങ്ങൾ, ആഡംബരങ്ങൾ എന്നീ ക്രമത്തിലായിരിക്കണം ചെലവ് നിശ്ചയിക്കേണ്ടത്. നാം കൂടുതൽ വാങ്ങിക്കൂട്ടുന്തോറും വാങ്ങലിൽ നിന്നുള്ള സംതൃപ്തി കുറഞ്ഞു കൊണ്ടിരിക്കും. ജീവിതത്തിൽ ഉത്തരവാദിത്വബോധമുള്ള നല്ല കാര്യവിചാരകനായി വർത്തിക്കാൻ ശ്രമിക്കുന്പോൾ ആഗ്രഹങ്ങൾ അതിർത്തിവിടാതെയിരിക്കും.
കുറെനാളുകൾക്ക് മുന്പ് ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നെസമീപിച്ചു. വിഷാദരോഗത്തിനടിമയാണയാൾ. 58 വയസ്സുപ്രായം. പട്ടാളത്തിലായിരുന്നു ജോലി. എക്സ്സർവ്വീസ്മെൻ ഗ്രൂപ്പിൽപ്പെട്ട ഇദ്ദേഹം ഒരുനല്ല ജോലിവാഗ്ദാനത്തിൽ ആകൃഷ്ടനായി ഗൾഫിലെത്തി. രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയാണിവിടെ എത്തിയത്. ആകെയുള്ള ഒരു കൂരയും 10 സെന്റ് സ്ഥലവും ബാങ്കിന് പണയപ്പെടുത്തിയിട്ടാണ് വിസ നേടിയത്. 12ാം ക്ലാസ് തോറ്റ് നിൽക്കുന്ന ഒറ്റ മകളെ ആർക്കെങ്കിലും വിവാഹം കഴിപ്പിച്ചുകൊടുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ഗൾഫ് വരവിന്. ആകർഷകമായ ശന്പളവും താമസസൗകര്യവും രണ്ട് വർഷത്തിലൊരിക്കൽ 30 ദിവസത്തെ അവധിയും എയർ ടിക്കറ്റും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. ഇവിടെയെത്തിയപ്പോഴാണ് ജോലി പ്രതീക്ഷിച്ചതുപോലെയുള്ളതല്ല എന്ന് മനസ്സിലായത്. പട്ടണത്തിൽ നിന്ന് അകലെ വിജനമായ ഒരുസ്ഥലത്ത് ആടുമാടുകളെ സംരക്ഷിക്കുന്ന ഒരുസ്ഥലത്ത് രാത്രികാവൽക്കാരനായാണ് ജോലി. ഒരുനേരത്തെ ആഹാരം കിട്ടും. കൂട്ടുജോലിക്കാർ ആരുമില്ല. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് ഒറ്റയ്ക്ക് സമയം കളയണം. ലോക്കൽ റേഡിയോ ആണ് ഏക ആശ്രയം. പണ്ട് ഞാനും പ്രദീപ് പുറവങ്കരയും കൂടി റേഡിയോ വോയ്‌സിൽ അവതരിപ്പിച്ച മനസ് എന്ന പ്രഭാഷണ പരന്പരയുടെ നാല് കാസെറ്റും കൈവശമുണ്ട്. മരുഭൂമിയിലെതാമസം മടുത്തു. പറഞ്ഞൊത്ത ശന്പളം കിട്ടുന്നില്ല. എങ്കിലും കിട്ടുന്ന കാശ് ഒരു പാഴ്ചെലവിനും ഉപയോഗിക്കാതെ അപ്പാടെ മാസം തോറും നാട്ടിലേക്ക് അയയ്ക്കും. അതും ഭാര്യയുടെ പേരിൽ. ചെറുപ്പക്കാരിയായ ഭാര്യ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനുമായി അടുപ്പത്തിലായിരുന്നു. അയച്ചു കൊടുക്കുന്ന കാശ് മുഴുവൻ അവൾ ദുർവ്യയം ചെയ്തുവെന്ന് വൈകിയാണ് അറിയാൻ കഴിഞ്ഞത്. രണ്ടുവർഷം കഴിഞ്ഞ് നാട്ടിൽ ചെന്ന് മകളുടെ വിവാഹം നടത്തണമെന്ന് കിനാവ് കണ്ടിരുന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത എത്തിയത്. മകൾ കാമുകന്റെകൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു. എമർജൻസി ലീവിൽ നാട്ടിലെത്തി. മഷിയിട്ട് നോക്കിയിട്ടും മകളെകിട്ടിയില്ല. ഭാര്യ പണം മുഴുവൻ കാലിയാക്കിയിരിക്കുന്നു. അവരുടെ അവിഹിത ബന്ധം നാട്ടിൽ മുഴുവൻ പാട്ടായി. മനസ്സിന്റെ സമനില തെറ്റുമെന്ന് മനസ്സിലാക്കിയ അദ്ദേഹം നാട്ടുകാരിൽ നിന്നും അവരുടെ മഞ്ഞനോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ പെട്ടെന്ന് തിരികെ ഇവിടേക്ക് വിമാനം കയറി. മദ്യപാനം തുടങ്ങി. ഭക്ഷണത്തോട് വിരക്തി. ദുഃസ്വപ്നങ്ങൾ മാത്രം. മനസൊന്നു തുറക്കാൻ ആരുമില്ല. ആട്ടിൻകുട്ടികളെ അടുത്ത് നിറുത്തി അവരോട് അദ്ദേഹത്തിന്റെ കദനകഥ വിവരിക്കുക ദിവസേന പതിവായിരുന്നു. നല്ല പാട്ടുകാരനായിരുന്ന അദ്ദേഹം ഉറക്കെ ശോകഗാനങ്ങൾ മാത്രം പാടാൻ തുടങ്ങി. മനസ് കൈവിട്ട് പോകുമെന്ന് കണ്ടപ്പോൾ എന്റെഅടുത്തേയ്ക്ക്.
ഒരു എക്സ്ട്രാബെഡ്റൂമിന്റെ ആഗ്രഹപൂർത്തീകരണത്തിനായി ജീവിതം ഹോമിച്ച അമേരിക്കക്കാരനെപ്പോലെ ഈ ഗൾഫുകാരനും തന്റെ ജീവിതം ഹോമിച്ചിരിക്കുന്നു. എങ്കിലും ഒന്ന് ഉറപ്പാണ്. എന്ത് സംഭവിച്ചാലും അദ്ദേഹം ആത്മഹത്യ ചെയ്യുകയില്ല. പ്രതിസന്ധികളെ സുധീരം നേരിടുമെന്ന നിശ്ചയദാർഢ്യവുമായി ഇന്നും അദ്ദേഹം ആട്ടിൻകുട്ടികളോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, രാത്രിയുടെ ഏകാന്തമായ അന്ത്യയാമങ്ങളിൽ പോലും!
മഹാനായ സോക്രട്ടീസ് പ്രസ്താവിച്ചു, “അഥേനാ പൗരന്മാരേ, നിങ്ങൾക്ക് ഹാ, കഷ്ടം, നിങ്ങൾ കല്ലുപോലും തേച്ചുരൂട്ടി കാശാക്കുന്നു. പക്ഷെ ആര് അനുഭവിക്കുന്നു?.” സന്പന്ന സമൂഹമായ ബാങ്കുകാരുടെ ഒരു സദസിനെ സംബോധന ചെയ്തുകൊണ്ട് പണ്ധിറ്റ് സാധു വാസ്വാനി പ്രസ്താവിച്ചു, “നിങ്ങൾ വെള്ളിയും സ്വർണ്ണവും സംഭരിക്കാൻ തത്രപ്പെടുന്നു. എന്നാൽ നിങ്ങളുടെ അനർഘ സന്പത്ത് നിങ്ങൾ അവഗണിക്കുകയാണ്.” നൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്തു മുന്നറിയിപ്പു നൽകി. “ഈ ചെറിയവരിൽ ഒരുവനെയും തുച്ഛീകരിക്കാതിരിക്കാൻ കരുതിക്കൊൾക.” നമ്മുടെജീവിതത്തിലെ മുൻഗണനകൾ (Priorities) കാൽചുവട്ടിലെ മണ്ണ് ഉറപ്പിക്കുന്നതിലായിരിക്കണം, വൃക്ഷക്കൊന്പിലെ ഇലകൾ പച്ചിപ്പിക്കുന്നതിലല്ല.
വളരെതിരക്കുള്ള ഒരുബിസിനസുകാരൻ വൈകീട്ട് വീട്ടിലെത്തി ചാരുകസേരയിൽ അന്നത്തെ വർത്തമാനപ്പത്രം വായിച്ച് വിശ്രമിക്കുകയായിരുന്നു. നാലുവയസ്സുള്ള മകൻ അടുത്ത് വന്ന് ശല്യപ്പെടുത്താൻ തുടങ്ങി. ആ കുട്ടിയെ ഒന്ന് മാറ്റിനിറുത്താൻ അയാൾ ഒരുമാർഗ്ഗം കണ്ടു. പരസ്യത്തിൽ കണ്ട ഒരു ഭൂഗോള ചിത്രം തുണ്ടുതുണ്ടാക്കി കീറി അവന്റെ കൈയിൽ കൊടുത്തിട്ട് ആ കഷണങ്ങൾ നേരെയാക്കി ഭൂഗോള ചിത്രം രൂപപ്പെടുത്തിക്കൊണ്ടുവരാൻ പറഞ്ഞു. സമ്മാനമായി ഒരു പായ്ക്കറ്റ് ചോക്ലേറ്റും വാഗ്ദാനം ചെയ്തു. ആ കുട്ടിക്ക് അതൊരിക്കലും ശരിയാക്കാൻ കഴിയില്ലെന്നയാൾക്കറിയാമായിരുന്നു. കാരണം ഭൂമിശാസ്ത്രം അവനറിഞ്ഞുകൂടാ. എന്നാൽ ഏതാനും മിനുട്ടുകൾക്കകം അവൻ ചിത്രം ശരിയാക്കി. അത്ഭുതത്തോടെ പിതാവ് ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ അവന്റെ മറുപടി: “ഡാഡീ ഭൂഗോളചിത്രത്തിന്റെ മറുവശത്ത് ഒരുകുട്ടിയുടെ മുഖചിത്രമായിരുന്നു. ഞാൻ ആ കുട്ടിയുടെ മുഖം നേരെയാക്കി. അപ്പോൾ ഭൂഗോളവും നേരെവന്നു,” ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും ലക്ഷ്യങ്ങളുടേയും മറുപുറം നോക്കിവായിക്കുക. ഒറ്റക്കിടക്കമുറികൾ ഇരട്ടയാകും.