മാ­റണം, പഴയ ജയിൽ ചി­ന്തകൾ..!


 

ജെ. ബിന്ദുരാജ്

 

ടവുപുള്ളികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവിൽ കുറവു കണ്ടതിനെ തുടർന്നാണ് തടവുകാരിയായ മ ഞ്ജുള ഷെട്ടെ കഴിഞ്ഞ ജൂൺ 23ന് മഹാരാഷ്ട്രയിലെ ബൈക്കുള വനിതാ ജയിലിൽ പ്രതിഷേധസ്വരമുയർത്തിയത്. ജയിലധികൃതർ നടത്തുന്ന അഴിമതി ഒരു തടവുപുള്ളി ചോദ്യം ചെയ്തത് ജയിലധികൃതർക്ക് പിടിച്ചില്ല. അവർ മഞ്ജുളയെ ക്രൂരമായി മർദ്ദിച്ചു. നികൃഷ്ടമായ രീതിയിൽ പീഡിപ്പിച്ചു. ശരീരത്തിൽ ജീവന്റെ അവസാന സ്പന്ദനവും നഷ്ടപ്പെടുന്നത് വരെ ഈ പീഡനം തുടർന്നു. മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിലേയ്ക്ക് മർദ്ദനത്തിനുശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് അവരെയെത്തിച്ചത്. ആശുപത്രിയിലെത്തിയത് നിർജ്ജീവമായ ശരീരമായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പൂനെയിലെ യെർവാർഡ ജയിലിൽ 12 വർഷങ്ങൾക്ക് മുന്പാണ് മഞ്ജുള ഷെട്ടെ എത്തുന്നത്. സഹോദര പത്‌നിയെ കൊല ചെയ്ത കുറ്റത്തിനായിരുന്നു അവർ ശിക്ഷിക്കപ്പെട്ടിരുന്നത്. ജയിലിൽ നല്ല പെരുമാറ്റം പുലർത്തിയിരുന്നതിനാൽ പൂനെ ജയിലിൽ അവർക്ക് വാർഡൻ ചുമതലയാണ് ജയിലധികൃതർ നൽകിയിരുന്നത്. ജയിലിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം നൽകുന്നതിനുമൊക്കെ ചുമതലപ്പെടുത്തിയിരുന്നത് അവരെയാണ്. ഒരു പോലീസ് ജീവനക്കാരനെന്ന പോലെ തന്നെ ഇടപെടുന്നതിനും ജയിൽ ജീവനക്കാർക്ക് മാത്രമുള്ള പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും കയറാനും അവർക്ക് അനുവാദവുമുണ്ടായിരുന്നു. ജയിലിലെ അന്തേവാസികൾക്ക് നൽകുന്ന ഭക്ഷണത്തിൽ എന്തോ തിരിമറി മഞ്ജുള കണ്ടെത്തിയതിനെ തുടർന്ന് അവർ അതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് അതിക്രൂരമായ രീതിയിൽ ഇവർ പീഡിപ്പിക്കപ്പെട്ടതും കൊലയ്ക്കിരയായതും. മഞ്ജുളയുടെ വധത്തെ തുടർന്ന് ബൈക്കുള ജയിലിലെ 200ഓളം തടവുപുള്ളികൾ ജയിലിൽ കലാപത്തിനിറങ്ങുകയും അവരിൽ പലരും മൃഗീയമായ പീഡനങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.

ഇന്ത്യൻ ജയിലുകളിൽ നടക്കുന്ന അഴിമതിയുടേയും അക്രമങ്ങളുടേയും നേർചിത്രമാണ് ബൈക്കുള വനിതാ ജയിലിൽ കഴിഞ്ഞ മാസം കണ്ടത്. നഗ്‌നമായ മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്നയിടമായി മാറിയിരിക്കുന്നു ഇന്ത്യയിലെ ജയിലുകൾ. കുറ്റകൃത്യം ചെയ്തവരെ മാനസികമായി പരിവർത്തനം ചെയ്യേണ്ടയിടങ്ങൾ ചെറിയ കുറ്റവാളികളെപ്പോലും കൊടും കുറ്റവാളികളാക്കി മാറ്റുന്ന ഭീകര താവളങ്ങളായി മാറുന്നുവെന്നത് ഒരു വാസ്തവമാണ്. ജയി ൽ പരിഷ്‌കരണത്തെക്കുറിച്ചും മെച്ചപ്പെട്ട തൊഴിൽ പരിശീലനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കുറ്റവാളികളെ നേർവഴിയിലേക്ക് നയിക്കാൻ പ്രാപ്തമായ ഉപാധികളെക്കുറിച്ചുമെല്ലാം കാലങ്ങളായി ഇന്ത്യ ചർച്ച ചെയ്യുന്നതാണ്. തടവുപുള്ളികളോട് ജയിൽ അധികൃതർ പുലർത്തുന്ന വിവേചനപരമായ സമീപനങ്ങളും വനിതാ തടവുകാർക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളുമെല്ലാം പലവട്ടം നാം ചർച്ച ചെയ്തതുമാണ്. ചുരുക്കത്തിൽ ഒരു കുറ്റവാളിയെ മാനസികമായി സംസ്‌കരിച്ചെടുക്കുകയെന്ന ജയിലുകളുടെ ദൗത്യം വലിയൊരു പരിധി വരെ പരാജയപ്പെടുകയാണ് ഇന്ത്യയിൽ. ചെറിയ കുറ്റം ചെയ്ത് ജയിലിലെത്തുന്ന ഒരു തടവുകാരൻ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയമാകുന്പോഴേക്കും ഒരു വൻ ക്രിമിനലായി മാറിക്കഴിഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. ജയിൽ നവീകരണം ഏത് മട്ടിലായിരിക്കണം, ജയിലിൽ തടവുകാരെ ഏത് മട്ടിലായിരിക്കണം പരിപാലിക്കേണ്ടത്, കൊടുംകുറ്റവാളികളുമായുള്ള സഹവാസത്തിൽ നിന്നും എങ്ങനെ മറ്റ് കുറ്റവാളികളെ മാറ്റിനിർത്താം, ഏതുമട്ടിലുള്ളവരായിരിക്കണം ജയിലധികൃതരായി നിയമിതരാകേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാർ പക്ഷത്ത് നിന്നും ഒരു മാറിച്ചിന്തിക്കലിന് സമയമായിട്ടുണ്ടെന്ന് അടിക്കടി ജയിലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അനിഷ്ട സംഭവങ്ങൾ തെളിയിക്കുന്നുണ്ട്.

രാജ്യത്ത് മൊത്തം 1401 ജയിലുകളാണുള്ളത്. ഇതിൽ 134 സെൻട്രൽ ജയിലുകളും 379 ജില്ലാ ജയിലുകളും 741 സബ് ജയിലുകളും 18 വനിതാ ജയിലുകളും 63 തുറന്ന ജയിലുകളും 30 ബോർസ്റ്റൽ സ്‌കൂളുകളും 43 സ്‌പെഷ്യൽ ജയിലുകളും മൂന്ന് മറ്റ് ജയിലുകളുമാണുള്ളത്. (കേരളത്തിൽ മൂന്ന് സെൻട്രൽ ജയിലുകളും 11 ജില്ലാ ജയിലുകളും 16 സബ്ജയിലുകളും മൂന്ന് വനിതാ ജയിലുകളും മൂന്ന് തുറന്ന ജയിലുകളും 16 സ്‌പെഷ്യൽ ജയിലുകളും 1 ബോർസ്റ്റൽ സ്‌കൂളും  ഇതരവിഭാഗത്തിൽപ്പെട്ട ഒരു ജയിലുമടക്കം മൊത്തം 54 ജയിലുകളാണുള്ളത്.)   ഈ ജയിലുകളിൽ താമസിക്കാനാകുന്ന പരാവധി തടവുപുള്ളികളുടെ എണ്ണം 3,66,781 ആണെങ്കിലും ഇന്ത്യയിൽ നിലവിൽ 4,19,623 പേരെ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ട്. അതായത് 114.4 ശതമാനം പേർ. ഇതിൽ നാല് ലക്ഷത്തിലധികം പേർ പുരുഷന്മാരും 17,834 പേർ സ്ത്രീകളുമാണ്. മൊത്തം അന്തേവാസികളുടെ 32 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ട തടവുപുള്ളികൾ (1,34,168). 2,82,076 പേർ വിചാരണത്തടവുകാരാണ്. ഇന്ത്യൻ ജയിലുകളിലെല്ലാം തന്നെ തടവുപുള്ളികളുടെ ആധിക്യമാണെന്ന കാര്യം നമുക്കറിയാവുന്നതാണ്. ജയിലുകളിലുള്ള അന്തേവാസികളിൽ 67 ശതമാനം പേരും വിചാരണത്തടവുകാരാണെന്നിരിക്കേ, നിരപരാധികളായവർ പോലും പലപ്പോഴും കൊടും ക്രൂരതകൾക്കവിടെ ഇരയാക്കപ്പെടാറുപോലുമുണ്ട്. ഈ കണക്കുകളിലേക്കൊന്ന് കണ്ണോടിക്കൂ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബീഹാറിലും (82.4 ശതമാനം) ജമ്മു കാശ്മീരിലും (81.5 ശതമാനം) ഒഡീഷയി (78.8 ശതമാനം)ലുമാണ് (76.7 ശതമാനം) വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം വിചാരണത്തടവുകാരുള്ള ജയിലുകൾ. ചെറിയ സംസ്ഥാനങ്ങളായ മേഘാലയയിലും (91.4 ശതമാനം) മണിപ്പൂരിലും (81.9 ശതമാനം) നാഗാലാൻഡിലും (79.6 ശതമാനം) വിചാരണത്തടവുകാരുടെ എണ്ണം യഥാർത്ഥ തടവുകാരേക്കാൾ വളരെ കൂടുതലാണ്. ഈ വിചാരണത്തടവുകാരിൽ നാലിലൊന്നു പേരും ഒരു വർഷത്തിലേറെയായി ജയിലുകളിൽ കഴിയുന്നവരുമാണെന്നറിയുക. വിചാരണത്തടവുകാരിൽ 82,585 പേർ 2015ൽ കുറ്റവിമുക്തരാക്കപ്പെട്ട്, ജയിൽമോചിതരായി എന്ന വസ്തുത മനസ്സിലാക്കുന്പോഴാണ് എത്രയോ കാലം അവർ പല കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ കഴിയേണ്ടതായി വന്നുവെന്ന് തിരിച്ചറിയുക. 

ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ 59.6 ശതമാനം പേരും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണെന്നറിയുക. ഇതേ കുറ്റവാളികൾക്കൊപ്പമാണ് വിചാരണ നേരിടുന്ന 67 ശതമാനത്തോളം വിചാരണത്തടവുകാരും കഴിയുന്നത്. കേരളത്തിലെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല. ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ പകുതിയിലേറെ ന്യായാധിപന്മാരുടെ പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നതിനാൽ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുകയാണ്. ഈ മെല്ലെപ്പോക്ക് മൂലം വിചാരണത്തടവുകാരുടെ എണ്ണത്തിൽ സ മീപകാലത്തൊന്നും കുറവു വരാനുള്ള സാധ്യതയുമില്ല. അതിനർത്ഥം നിരപരാധികളായവർ പോലും വിചാരണ പൂർത്തിയാകുംവരെ ജയിലഴിക്ക് പിന്നിൽ കഴിയേണ്ട ദുരവസ്ഥയിലുമാണ്. കേരളത്തിലും അനുവദനീയമായ കുറ്റവാളികളേക്കാൾ കൂടുതലാണ് ജയിലിലുള്ളവർ. 118.3 ശതമാനമാണ് ഇവിടുത്തെ അവസ്ഥ! അതിൽ 4,567 പേർ വിചാരണത്തടവുകാരും 2,758 പേർ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരുമാണ്. 

നിരക്ഷരത കൂടിയ സംസ്ഥാനങ്ങൾ തന്നെയാണ് ഏറ്റവുമധികം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. നമ്മുടെ ജയിലുകളിലുള്ള ശിക്ഷപ്പെട്ട കുറ്റവാളികളുടെ വിദ്യാഭ്യാസനിലവാരം പരിശോധിച്ചാൽ തന്നെ അവരിൽ 60 ശതമാനത്തോളം പേർ നിരക്ഷരാണെന്ന് കാണാം. ഉത്തർപ്രദേശിലെ ജയിലുകളിലാണ് ഏറ്റവുമധികം തടവുപുള്ളികളുള്ളത് (88,747). മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും പഞ്ചാബുമാണ് രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനത്ത്. ജയിലുകളുടെ നിലവിലുള്ള ശേഷിയേക്കാൾ ഏറ്റവുമധികം തടവുപുള്ളികളുള്ളത് ദാദർ ആൻഡ് നാഗർ ഹവേലിയിലെ ജയിലാണ് (276.7 ശതമാനം). അതിന് തൊട്ട് പിന്നിലാണ് ഛത്തീസ്ഗഡിന്റേയും ഡൽഹിയുടേയും സ്ഥാനം. കൊലപാതകക്കേസുകളിൽപ്പെട്ടും ബലാത്സംഗക്കേസുകളിൽപ്പെട്ടുമെത്തുന്ന കുറ്റവാളികളുടെ കാര്യം പരിശോധിച്ചാലും ഉത്തരപ്രദേശ് തന്നെയാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. രാജ്യത്ത് മൊത്തമുള്ള കൊലപാതകക്കേസ്സിൽപ്പെട്ട് ജയിലായ തടവുപുള്ളികളിൽ 21.9 ശതമാനം പേർ ഉത്തരപ്രദേശിലെ ജയിലുകളിലും 15.8 ശതമാനം പേർ മധ്യപ്രദേശിലെ ജയിലുകളിലുമാണുള്ളതെന്നത് നിരക്ഷരത എങ്ങനെ കൊടുംകുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നതിന്റെ തെളിവാണ്. ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ 19.6 ശതമാനവും ഉത്തരപ്രദേശിൽ നിന്നുള്ളവർ തന്നെ. 

ജയിലുകളിൽ നടക്കുന്ന മരണങ്ങൾ പലതും അതീവ ദുരൂഹങ്ങളാണ്. ദുരൂഹമരണങ്ങളിൽ മൂന്നിൽ രണ്ട് ശതമാനവും ആത്മഹത്യകളാണെന്നാണ് ജയിലധികൃതർ സമർത്ഥിക്കുന്നത്. സഹതടവുകാർ കൊല ചെയ്തവരുടെ പട്ടികയും വേറെയുണ്ട്. ജയിലുകളിൽ 2015ൽ ഓരോ ദിവസവും നാല് പേർ മൂലം ശരാശരി മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. മൊത്തം 1,584 തടവുകാരാണ് 2015ൽ മാത്രം മരണപ്പെട്ടത്. ഇതിൽ 115 മരണങ്ങൾ അസ്വാഭാവിക മരണങ്ങളുടെ പട്ടികയിലാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് സ്ത്രീ തടവുകാരികളുടെ മരണങ്ങളും ജയിൽ വകുപ്പ് അസ്വാഭാവികമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. ജയിലധികൃതരുടെ നിർദ്ദേശപ്രകാരം സഹതടവുകാർ തന്നെ തടവുകാരെ കൊന്നുതള്ളിയ സംഭവങ്ങളും ഉണ്ടാകാം.  ജയിലുകളിൽ കഴിഞ്ഞ കാലങ്ങളിലും പല മട്ടിലുള്ള പ്രശ്‌നങ്ങളും കുഴപ്പങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വനിതാ തടവുകാരേയും എന്തിന്, വനിതാ വാർഡർമാരെപ്പോലും പുരുഷ വാർഡർമാർ ലൈംഗികമായി പീഡിപ്പിച്ച നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലിൽ തടവുകാർക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളിൽ പലതിലും ജയിൽ അധികൃതർക്കും പങ്കുണ്ടെന്ന കാര്യം നിസ്തർക്കമാണ്. 2015ലെ റിപ്പോർട്ട് പ്രകാരം വിവിധ ജയിലുകളിലുണ്ടായ 187 സംഘർഷങ്ങളിൽ 9 അന്തേവാസികൾ കൊല്ലപ്പെടുകയും 201 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായിട്ടുണ്ട്. 

മാനസിക അസ്വാസ്ഥ്യമുള്ളവരുടെ എണ്ണവും ഇന്ത്യയിലെ ജയിലുകളിൽ ധാരാളമായുണ്ട്. മൊത്തം തടവുകാരിൽ 5,203 പേർക്ക് മാനസിക രോഗമുള്ളതായാണ് ജയിലിലെ കണക്കുകൾ. അതായത് 1.2 ശതമാനം തടവുപുള്ളികൾ മാസികരോഗികളാണെന്ന് ചുരുക്കം. ശിക്ഷിക്കപ്പെട്ട തടവുകാരാണ് മാനസിക രോഗികളിൽ 52.7 ശതമാനമെങ്കിൽ 46.4 ശതമാനം പേർ വിചാരണത്തടവുകാരുമാണ്.  ഉത്തരപ്രദേശിൽ തന്നെയാണ് ഏറ്റവുമധികം മാനസികരോഗികളായ തടവുകാരുള്ളത്: 781 പേർ. ഒഡീഷ (554), മധ്യപ്രദേശ് (453), പശ്ചിമബംഗാൾ (433), കർണാടക (383), ഗുജറാത്ത് (316), കേരളം (305) എന്നിങ്ങനെയാണ് മാനസികരോഗികളായ തടവുകാർ ഏറ്റവുമധികമുള്ള മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ. പക്ഷേ ഈ മാനസികരോഗികളായ രോഗികൾക്ക് മതിയായ വൈദ്യപരിശോധനകളും ചികിത്സയും ലഭിക്കുന്നുണ്ടോയെന്നത് സംശയകരമായ കാര്യമാണ്. 

ജയിലുകളിലുള്ള മൊത്തം പേരിൽ ഏറ്റവുമധികം പേർ 30നും 50 വയസ്സിനുമിടയിൽ പ്രായമായമുള്ളവരും തൊട്ടു പിന്നിലുള്ളത് 18 വയസ്സിനും 30 വയസ്സിനുമിടയിൽ പ്രായമുള്ളവരുമായതിനാൽ നാം അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജയിലുകളിലുണ്ടായ അനിയന്ത്രിതമായ തടവുപുള്ളികളുടെ വർദ്ധന മൂലം ജയിലുകളിൽ ശുചിത്വം ഉറപ്പാക്കാനാവുന്നില്ലെന്നതിനും പുറമേ തടവുകാർക്ക് ശരിയായ ഉറക്കവും നല്ല ഭക്ഷണവും ലഭ്യമാകുന്നില്ല. ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാത്തത് മൂലം അതൊരു നരകമായി തടവുകാർക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.  

മാനസികമായ പരിവർത്തനമാണ് ജയിലുകളുടെ ഒരു പ്രധാന ദൗത്യമെങ്കിലും ഇന്ത്യയിലെ പല ജയിലുകളിലും അത് സാധ്യമാവുന്നില്ലെന്നതാണ് സത്യം. തടവുകാരെ പിൽക്കാലത്ത് മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് അവർക്കായി വിദ്യാഭ്യാസ പദ്ധതികളും തൊഴിലധിഷ്ഠിത പരിശീലനവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ ജയിലുകളിൽ മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ തടവുകാർ ഇപ്പോഴുള്ളതിനാൽ ഇതിനെല്ലാം പല പരിമിതികളും ഇന്ത്യൻ ജയിലുകൾ നേരിടുന്നുണ്ട്. എന്തിന് പലപ്പോഴും ശുചിത്വസംബന്ധിയായ കാര്യങ്ങൾ പോലും പല ജയിലുകളിലും ശരിയാംവണ്ണം നടപ്പാക്കാത്തത് മൂലം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലയിടത്തും തടവുപുള്ളികൾ കഴിയുന്നത്. തടവുപുള്ളികളിൽ നല്ല പെരുമാറ്റമുള്ളവരെ മാറ്റുന്നതിനായിട്ടാണ് തുറന്ന ജയിലുകളുള്ളതെങ്കിലും 17 സംസ്ഥാനങ്ങളിൽ മാത്രമേ തുറന്ന ജയിലുകൾ ഇന്നുള്ളു. ഈ ജയിലുകളിൽ മിനിമം സെക്യൂരിറ്റി മാത്രമേ ഉണ്ടാകുകയുള്ളുവെന്നതിന് പുറമേ, തടവുകാരെ കൃഷികാര്യങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്യാറുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് തുറന്ന ജയിലുകൾ മാത്രമേയുള്ളുവെങ്കിൽ രാജസ്ഥാനിൽ 29 തുറന്ന ജയിലുകളുണ്ടെന്നത് തടവുകാരുടെ മാനസിക പരിവർത്തനത്തിന് രാജസ്ഥാൻ കൂടുതൽ ഊന്നൽ നൽകുന്നുവെന്നതിന്റെ തെളിവാണ്. കുറ്റവാളികളുടെ മാനസികപരിവർത്തനമാണ് ജയിലുകളുടെ യഥാർത്ഥ ലക്ഷ്യമെങ്കിൽ കേരളവും തുറന്ന ജയിലുകളിലേക്ക് കൂടുതലായി നീങ്ങേണ്ടതുണ്ട്. കേരളത്തിൽ കേവലം 469 പേർ മാത്രമേ തുറന്ന ജയിലുകളിൽ അന്തേവാസികളായിട്ടുള്ളുവെന്നറിയുക. എന്നാൽ ഇതിന് പകരം കുറ്റവാളികളെ കൂടുതൽ കർക്കശമായ സംവിധാനങ്ങളിലേക്ക് വിടുകയെന്ന രീതിയാണ് കേരളം അവലംബിച്ചിട്ടുള്ളത്. പ്രശ്‌നക്കാരായ കുറ്റവാളികളെ പാർപ്പിക്കേണ്ട സ്‌പെഷ്യൽ ജയിലുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് കേരളമാണുള്ളത്. ഇത്തരത്തിലുള്ള 16 ജയിലുകളാണ് കേരളത്തിലുള്ളതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ കേവലം 5 സ്‌പെഷ്യൽ ജയിലുകൾ മാത്രമാണുള്ളത്. ഇത് തടവുകാർക്കെതിരെ കേരളം പുലർത്തുന്ന തെറ്റായ സമീപനത്തിന്റെ ഉത്തമോദാഹരണമാണ്. 

ഇന്ത്യയിലെ പല ജയിലുകളിലും അന്തേവാസികൾക്ക് തൊഴി ലധിഷ്ഠിത പരിശീലനം നൽകപ്പെടുന്നുണ്ടെന്ന കാര്യത്തിൽ തർക്ക മില്ല. കൈത്തറി നെയ്ത്തിലും സോപ്പ് − ഫിനൈൽ നിർമ്മാണത്തിലും കാർപെന്ററിയിലും തയ്യലിലും കൃഷിയിലുമൊക്കെയാണ് പ്രധാനമായും ഈ പരിശീലന പരിപാടികൾ. 2015ൽ 52,105 തടവുകാർക്ക് ഇത്തരത്തിൽ പരിശീലനം നൽകിയിട്ടുള്ളതായാണ് ജയിൽ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കേരളത്തിലെ 7,325 തടവുകാരിൽ 1216 പേർക്ക് 2015ൽ തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ തന്നെ വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതിന് തടവുപുള്ളികൾക്ക് അവരുടെ കഴിവിനനുസരിച്ച് പ്രതിദിനം 150 രൂപ മുതൽ 180 രൂപ വരെ കൂലിയും ലഭിക്കുന്നുണ്ട്. തടവുപുള്ളിയ്ക്ക് കിട്ടുന്ന ശരാശരി വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടിയ തുക തമിഴ്‌നാട്ടിലും തൊട്ടു പിന്നിൽ കേരളത്തിലുമാണെന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തടവുപുള്ളികളുടെ കാര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സമീപനമാണ് പുലർത്തുന്നതെന്നതിന്റെ തെളിവാണ്. പ്രതിവർഷം 31,265 രൂപ വരെ കൂലിയായി വാങ്ങിയ അന്തേവാസികൾ കേരളത്തിലുണ്ട്. ജയിലിൽ നിന്നും ഏറ്റവുമധികം ഉൽപന്നങ്ങളുണ്ടാക്കി വരുമാനമുണ്ടാക്കിയതിൽ തമിഴ്‌നാടിനാണ് ഒന്നാം സ്ഥാനം. ഡൽഹിയും കേരളവുമാണ് അക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

തടവുപുള്ളികളുടെ പുനരധിവസിപ്പിക്കൽ കുറെക്കൂടി ക്രിയാത്മകമായി കൈകാര്യം ചെയ്യേണ്ടുന്ന വിഷയം തന്നെയാണ്. 2015ൽ വിട്ടയക്കപ്പെട്ട തടവുപുള്ളികളിൽ 1,286 പേരെ മാത്രമാണ് സർക്കാരിന് പുനരധിവസിപ്പിക്കാനായത്. ഇന്ത്യയിലെ 1,597 വനിതാ തടവുകാരുടെ 1,866 കുട്ടികളും അവർക്കൊപ്പം ജയിലുകളിൽ തന്നെ കഴിയുകയാണെന്നത് നമ്മെ ഞെട്ടിക്കാൻ പോന്ന കാര്യമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ചെറുപ്രായത്തിലേ കാരാഗൃഹത്തിൽ കഴിയേണ്ടതായി വരുന്നു ഈ പിഞ്ചു കുട്ടികൾ. കേരളത്തിലും അഞ്ച് വനിതാ തടവുകാരുടെ ആറ് മക്കൾ തടവറയ്ക്കുള്ളിൽ തന്നെയാണ് കഴിയുന്നത്. ഇവരെല്ലാം തന്നെ വിചാരണത്തടവുകാരാണെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. ഇന്ത്യയിലെ ജയിലുകളിലെ അവസ്ഥ അടിയന്തരമായി നാം ചർച്ച ചെയ്യേണ്ടുന്നതായി മാറുന്നത് ഇത്തരം പ്രശ്‌നങ്ങൾ ഇവിടെ പരിഹരിക്കപ്പെടേണ്ടതായിട്ടുള്ളതിനാലാണ്. ജയിലിൽ നിയമപരമായ പരിശോധനകൾ നടത്തപ്പെടുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ഇവയ്ക്കുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ടോയെന്ന കാര്യം സംശയകരമാണ്. കേരളത്തിൽ ജയിലിൽ നിന്നും വരുമാനം എങ്ങനെ വർദ്ധിപ്പിക്കാമെന്ന കാര്യത്തിലാണെന്നു തോന്നുന്നു സർക്കാരിന്റെ മുഖ്യ ഗവേഷണം. 

തിരുവനന്തപുരം സെൻട്രൽ ജയിൽ തുടങ്ങിയ ഭക്ഷണ വിൽപ്പനശാലയും അവിടെത്തന്നെ ആരംഭിച്ച ബോട്ടീക്കും കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിച്ച ബ്യൂട്ടി പാർലർ കം ഹെയർ സലൂണുമൊക്കെ അതിന്റെ തെളിവാണ്. പക്ഷേ ജയിലിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ പലപ്പോഴും കേരളത്തിലെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളെപ്പോലെ പരാജയമാണ്. മെഡിക്കൽ തലത്തിലും എക്‌സിക്യൂട്ടീവ് തലത്തിലും ജുഡീഷ്യൽ തലത്തിലും ഇതേപ്പറ്റി സംവാദങ്ങൾ ഉണ്ടാകണം. അപ്പോൾ മാത്രമേ ചെറിയ കുറ്റവാളികളെ കൊടും കുറ്റവാളികളാക്കുന്ന തലത്തിൽ നിന്നും കുറ്റവാളികളുടെ മാനസിക പരിവർത്തനം സാധ്യമാക്കുന്ന ഇടങ്ങളായി ജയിലുകൾ മാറുകയുള്ളു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed