രാമകഥാമൃതം

എ. ശിവപ്രസാദ്
വീണ്ടും ഒരു രാമായണ മാസം വന്നെത്തി. വേദകാലഘട്ടത്തിൽ ആരംഭിക്കുന്ന ഭാരതീയ സംസ്കാരത്തെ സന്പുഷ്ടവും സന്പന്നവും ആക്കി തീർത്തത് രാമായണമാണ്. അതുകൊണ്ടുതന്നെ ഭാരതീയ സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ് രാമായണം എന്ന് നമുക്ക് പറയാൻ കഴിയും. ഭാരതീയ സംസ്കാരത്തിന്റെ സർവ്വ വിജ്ഞാനകോശമാണ് രാമായണം.
രാമായണം ഭാരതത്തിന് മാത്രമല്ല മറിച്ച് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും സാംസ്കാരികവും കലാപരവുമായി പ്രചോദനത്തിന് കാരണമായി. മാത്രമല്ല ഈ രാജ്യങ്ങളിലെ കല, സാഹിത്യ, സാംസ്കാരിക വിഭാഗങ്ങൾക്ക് നിരവധി വിഷയങ്ങൾ പ്രദാനം ചെയ്യാനും രാമായണത്തിന് കഴിഞ്ഞു. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ ഇന്നും രാമായണത്തിന്റെ സ്വാധീനം സജീവമായി നിലനിൽക്കുന്നു. എന്നാൽ ഭാരതത്തിലാവട്ടെ രാമായണത്തിന്റെ സ്വാധീനം ജനമനസുകളിൽ നിന്നും വേർപെടുത്താനാവാത്ത വിധം സ്വാധീനം ചെലുത്തി. രാമായണ കഥയും കഥാപാത്രങ്ങളും ഭാരതീയ ജനസമൂഹം അവർ പണ്ധിതനോ, പാമരനോ, ധനികനോ, ദരിദ്രനോ, ഉയർന്ന ജാതിയോ, താഴ്ന്ന ജാതിയോ ആരുമാവട്ടെ രാമായണത്തെ സ്വകീയ സ്വഭാവത്തോടെ നെഞ്ചിലേറ്റി. മാത്രമല്ല ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് രാമായണ തത്വം കൈമാറാനും തയ്യാറായി. സ്വാമി വിവേകാനന്ദൻ ‘ആദർശത്തിന്റെ ആൾരൂപം’ എന്ന് വിശേഷിപ്പിച്ച ഭഗവാൻ ശ്രീരാമചന്ദ്രൻ ഭാരതീയർക്ക് ദൈവസങ്കൽപ്പത്തിനുമപ്പുറത്തുള്ള ഒരു ദിവ്യാനുഭൂതിയായി.
ഭൂമുഖത്ത് ജന്മമെടുത്ത നിരവധിയായുള്ള സംസ്കാരങ്ങൾ ഇന്ന് പുസ്തകത്താളുകളിൽ മാത്രം അവശേഷിക്കുന്പോൾ ഭാരതീയ സംസ്കാരം ഇന്നും ലോകത്തിന് പ്രകാശം നൽകി നിലനിൽക്കുന്നതിന് പിന്നിൽ രാമായണമെന്ന മഹത് ഗ്രന്ഥത്തിന്റെ സ്വാധീനം വളരെ വലുതാണ്. അതിപുരാതനവും നിത്യനൂതനവുമായ രാമായണം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാമകഥാമൃതത്തിലൂടെ നമുക്ക് ഈ സാംസ്കാരിക പ്രവാഹത്തിൽ പങ്കുചേരാം.
കോസല രാജ്യത്തെ (ഇന്നത്തെ ഉത്തർപ്രദേശ്) രാജാവായിരുന്ന ദശരഥമഹാരാജാവിന്റെ ഭരണകാലത്തിൽ നിന്നാണ് രാമായണം ആരംഭിക്കുന്നത്. സന്താനങ്ങളില്ലാതെ ദുഃഖിതനായിരുന്ന ദശരഥൻ വസിഷ്ഠമഹർഷിയുടെ നിർദ്ദേശപ്രകാരം പുത്രലബ്ധിക്കായി പുത്രകാമേഷ്ടിയാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിന്റെ മേൽനോട്ടത്തിനായി ഋഷ്യശൃംഗ മുനിയേയും വരുത്തി. നിരവധി മഹർഷിമാരും യാഗത്തിൽ പങ്കാളികളായി. പുത്രകാമേഷ്ടി യാഗത്തിന്റെ പരിസമാപ്തിയിൽ യജ്ഞകുണ്ധത്തിൽ നിന്നും കൈയിൽ അമൃതകുംഭവുമായി ഒരു ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു. ആ ദിവ്യകുംഭം ദശരഥന് സമ്മാനിച്ച് ആ ദിവ്യരൂപൻ അപ്രത്യക്ഷമായി. മഹർഷിമാരുടെ നിർദ്ദേശാനുസരണം ആ കുംഭത്തിലെ പായസം ദശരഥൻ തന്റെ പത്നിമാർക്ക് നൽകി. ദശരഥൻ രാജ്ഞിമാരിൽ മൂത്തവളായ കൗസല്യയുടെ അടുത്തുപോയി ഇങ്ങനെ പറഞ്ഞു. “എന്റെ രാജ്ഞീ, ദേവന്മാർ നമ്മുടെ പ്രാർത്ഥന കേട്ടു. നമുക്ക് പുത്രന്മാരുണ്ടാകാൻ പോകുന്നു.” അതിനു ശേഷം പാത്രത്തിലെ പായസത്തിന്റെ പകുതി കൗസല്യക്കും ബാക്കി പകുതി കൈകേയിക്കും കൊടുത്തു. ആ സമയത്താണ് ദശരഥന്റെ മറ്റൊരു ഭാര്യയായ സുമിത്ര അവിടെ വന്നത്. കൗസല്യയും കൈകേയിയും തങ്ങൾക്കു ലഭിച്ച പായസത്തിന്റെ പകുതി വീതം സുമിത്രക്കു നൽകി. കാലക്രമേണ ദശരഥന്റെ മൂന്ന് ഭാര്യമാരും ഗർഭവതികളായി.
ചൈത്രമാസം ആഗതമായി. ശുക്ലപക്ഷത്തിൽ നവമി ദിവസം അഞ്ച് ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുന്നു. ആ പുണ്യമുഹൂർത്തത്തിൽ ലോകനന്മയ്ക്കായി ഭഗവാൻ ശ്രീനാരായണൻ കൗസല്യാപുത്രനായി ജനിച്ചു. ആ കുഞ്ഞിന് ശ്രീരാമൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചരിത്രം ഇവിടെ നിന്നും ആരംഭിക്കുന്നു.