യുഎഇയിൽ ഇന്ധന വിലയിൽ 14 ഫിൽസ് വർധന

രാജ്യത്ത് ഇന്ധന വിലയിൽ 14 ഫിൽസ് വർധന. ഈ വർഷം ഇതുവരെ ഉണ്ടായ വില നിർണയത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ് ഈ മാസത്തേത്. സൂപ്പർ 98ന് 3.14 ദിർഹവും സ്പെഷൽ 95ന് 3.02 ദിർഹവും ഇ പ്ലസ് 91ന് 2.95 ദിർഹവുമാണ് ഈ മാസത്തെ നിരക്ക്. സ്പെഷൽ 95നു 13 ഫിൽസും മറ്റു രണ്ടിനും 14 ഫിൽസുമാണ് വില വർധിച്ചത്. ഒപെക് രാജ്യങ്ങൾ ഇന്ധന ഉൽപാദനത്തിൽ കുറവു വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വില വർധന.
ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോൾ ജൂലൈയിലേതിനേക്കാൾ 6.63 മുതൽ 10.30 ദിർഹം വരെ ഈ മാസം അധികം നൽകേണ്ടി വരും. ഇതുവരെയുള്ളതിൽ സൂപ്പർ പെട്രോളിന് ഏറ്റവും ഉയർന്ന വില വന്നത് മേയിലാണ്. 3.16 ദിർഹമായിരുന്നു വില. ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരിയിലും. 2.78 ആയിരുന്നു ലീറ്ററിന്റെ വില. ജൂണിലും ജനുവരിയിലുമാണ് സൂപ്പർ പെട്രോൾ വില മൂന്നിൽ താഴെ എത്തിയത്. സ്പെഷൽ 3 ദിർഹം കടന്നത് മേയിൽ മാത്രമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരിയിൽ 2.67 ആയിരുന്നു. ഇ പ്ലസ് ഈ വർഷം ഇതുവരെ 3 കടന്നിട്ടില്ല. ഏറ്റവും ഉയർന്ന നിരക്ക് മേയിൽ 2.97 ആയിരുന്നു.
xczbxb