താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു; ചുട്ടുപൊള്ളി യുഎഇ

താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തതോടെ ചുട്ടുപൊള്ളി യുഎഇ. അന്തരീക്ഷ ഈർപ്പം 100% ഉയർന്നു. ഈ ആഴ്ച താപനില വർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പകൽ പുറത്തിറങ്ങുന്നവർ കുട കരുതണം. സൺഗ്ലാസ് ഉപയോഗിക്കുന്നതും നല്ലതാണ്. രാവിലെ 9 വരെ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയും. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മുന്നിലുള്ള വാഹനം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും മാറ്റി സുരക്ഷിത അകലത്തിൽ നിർത്തണം. അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാം.
അൽഐനിൽ കൂടിയ ചൂട് 47 ഡിഗ്രിയാണ്. ഞായറാഴ്ച ഇത് 48 ഡിഗ്രിയിലേക്കും ചിലയിടങ്ങളിൽ 49 ഡിഗ്രിയിലേക്കും ഉയരും. വരും ദിവസങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. ഇന്നു പകൽ മണിക്കൂറിൽ 40 കി.മീ വേഗത്തിൽ പൊടിക്കാറ്റ് വീശും. ശ്വാസകോശ രോഗമുള്ളവർ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച അബുദാബിയിൽ 47, ദുബായിൽ 46 ഡിഗ്രി എന്നിങ്ങനെയാകും താപനില. ശനിയാഴ്ച ഈർപ്പത്തിന്റെ അളവ് അബുദാബിയിൽ 95% വരെ എത്താം. എന്നാൽ ദുബായിൽ ഇത് അൽപം കുറയും. കഴിഞ്ഞ വർഷം, അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്രയിൽ താപനില 50 ഡിഗ്രിയോട് അടുത്ത് എത്തിയിരുന്നു. 2021 ജൂൺ ആറിന് അൽഐൻ സ്വീഹാനിൽ താപനില 51.8 ഡിഗ്രിയായിരുന്നു.
dsgfxg