കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്; 13 ഇന്ത്യക്കാരെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾ നടത്തിയ 13 ഇന്ത്യക്കാരെയും 7 സ്ഥാപനങ്ങളെയും അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു. 51 കോടി ദിർഹത്തിന്റെ അനധികൃത സാമ്പത്തിക ഇടപാടാണ് ഇവർ നടത്തിയത്. കോടതിയിൽ 9 പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു വിധി. 4 പ്രതികൾക്ക് 5 മുതൽ 10 വർഷം വരെ തടവും നാടുകടത്തലും വിധിച്ചു. കൂടാതെ 50 ലക്ഷം മുതൽ ഒരു കോടി ദിർഹം വരെ പിഴ അടയ്ക്കാനും ഉത്തരവിട്ടു.കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 7 കമ്പനികൾക്ക് ഒരു കോടി ദിർഹം വീതം പിഴ ചുമത്തി. ശിക്ഷയ്ക്കുശേഷം പ്രതികളെ നാടുകടത്തും. പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) വഴി ക്രെഡിറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
പ്രതികൾ ഒരു ക്രിമിനൽ സംഘടന രൂപീകരിച്ച് ട്രാവൽ ഏജൻസി ആസ്ഥാനം ഉപയോഗിച്ചായിരുന്നു അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഉപഭോക്താക്കൾക്ക് പണം നൽകുകയും അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് കമ്പനി വ്യാജ വാങ്ങലുകൾ നടത്തുകയും ചെയ്തു. ക്രെഡിറ്റ് കാർഡുകളുടെ ബാധ്യത തീർക്കാൻ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും പലിശ ഈടാക്കുകയും ചെയ്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടിലേക്ക് വൻ പണമൊഴുക്ക് നടന്നതായി ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റിന്റെ (എഫ്‌ഐയു) റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
asrtdr