ബിമാൻ ബംഗ്ലാദേശ് വിമാനത്തെ റാഞ്ചാൻ ശ്രമം

ദുബൈയിൽ നിന്നു ബംഗ്ലദേശിലെ ധാക്കയിലേയ്ക്ക് പറന്ന ബിമാൻ ബംഗ്ലാദേശ് വിമാനത്തെ റാഞ്ചാൻ ശ്രമം. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ചിറ്റഗോങ് ഷാ അമാനത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി.
ബോയിംഗ് 737 ബിജി 147 വിമാനത്തെയാണ് ഇന്നലെ (ഞായർ) വൈകിട്ട് 5.40ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിമാനത്തിന്റെ കോക് പിറ്റിൽ കയറിയ തോക്കുധാരി വിമാനം ഉടൻ ഇറക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിമാന ജോലിക്കാരിൽ ഒരാൾക്ക് വെടിയേറ്റതായും റിപ്പോർട്ടുണ്ട്.
ഇതേത്തുടർന്ന്് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തോക്കുധാരിയും രണ്ട് വിമാന ജീവനക്കാരും വിമാനത്തിനകത്തുണ്ടെന്നാണ് റിപ്പോർട്ട്. റാപിഡ് ആക്ഷൻ ഉദ്യോഗസ്ഥർ് ഉടൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.