ജയിലിൽ ആയിരുന്നപ്പോൾ ഉണ്ടായ ഏറ്റവും വലിയ സങ്കടം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടത് : അറ്റ്ലസ് രാമചന്ദ്രൻ

ദുബൈ : ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതായിരുന്നു തനിക്ക് ജയിലിൽ ആയിരുന്നപ്പോൾ ഉണ്ടായ ഏറ്റവും വലിയ സങ്കടമെന്ന് അറ്റ്ലസ് രാമചന്ദ്രൻ. കടലിൽ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിലും ജീവിതത്തിലും താൻ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അദ്ദേഹം മോചിതനായത്. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ആഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബൈയില ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷവിധിച്ചു.
മഞ്ജു കടുത്ത ജാമ്യ വ്യവസ്ഥ കളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്ലസ് രാമചന്ദ്രനും മരുമകൻ അരുണും ഇക്കാലമത്രയും ജയിൽ വാസം അനുഭവിച്ചുവരുകയായിരുന്നു. ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും, സ്വർണം വാങ്ങാൻ വായ്പ നൽകിയ വ്യക്തി നൽകിയ കേസ് മാത്രമാണ്ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം.
രണ്ട് വർഷത്തോളമായി സ്വത്തുക്കളെല്ലാം നൽകി ജയിലിൽ നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. പിന്നീടാണ് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടത്. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്ലസ് രാമചന്ദ്രൻ വിവിധ ബാങ്കുകളിൽ നിന്നായി എടുത്തത്. അത് പലിശയും മറ്റുമായി വൻതുകയായി ഉയർന്നുകഴിഞ്ഞു. ജ്വല്ലറികളിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങൾ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകി. എങ്കിലും വലിയ കടബാധ്യത അതേപടി നിൽക്കുന്നു. സ്വത്തുക്കൾ ബാങ്കുകളെ ഏൽപ്പിച്ച് അവരുടെ കൺസോർഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. സാന്പത്തിക പ്രശ്നങ്ങളുടെ പേരിൽ മകൾ മഞ്ജുവും മരുമകൻ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീർക്കേണ്ട ബാധ്യത തുടക്കത്തിൽ ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. 2015 ആഗസ്റ്റ് 23-നാണ് ചെക്കുകൾ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ ജയിലിലാകുന്നത്. 34 ദശലക്ഷം ദിർഹത്തിന്റെ ചെക്കുകൾ പണമില്ലാതെ മടങ്ങിയതിനെ ത്തുടർന്നായിരുന്നു ദുബൈ പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. സപ്തംബർ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കൾ വിറ്റഴിച്ച് 500 ദശലക്ഷം ദിർഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീർക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
എന്നാൽ അക്കാര്യത്തിൽ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളിൽ പെട്ട് ദുബൈ കോടതി ഒക്ടോബർ 28-ന് രാമചന്ദ്രനെ മൂന്നുവർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിർഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്.