റമദാനിൽ ജീവകാരുണ്യ പ്രവർത്തനം വിപുലമാക്കി കുവൈത്ത് റെഡ് ക്രസന്റ്

കുവൈത്ത് സിറ്റി : ജീവകാരുണ്യ മേഖലയിൽ കുവൈത്തിന്റെ സഹായഹസ്തം അതിരുകളില്ലാതെ നീളുന്നു. യുദ്ധക്കെടുതിയും പ്രകൃതിദുരന്തങ്ങളുമെല്ലാം കൊണ്ടു കഷ്ടപ്പെടുന്നവർക്കായി വിവിധ മേഖലകളിൽ കഴിഞ്ഞയാഴ്ചയും സന്നദ്ധ സംഘങ്ങൾ എത്തി. യെമനിൽ ചുഴലിക്കാറ്റ് നാശംവിതച്ച സൊകോത്ര ദ്വീപിലേക്കു ദുരിതാശ്വാസവസ്തുക്കളുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ മറ്റൊരു ചരക്ക് വിമാനം കൂടി പറന്നിറങ്ങി. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സഹായമെന്ന് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹ അൽ ബർജാസ് അറിയിച്ചു.
ഭക്ഷ്യസാധനങ്ങളും പുതപ്പ് ഉൾപ്പെടെ അവശ്യവസ്തുക്കളുമാണ് എത്തിച്ചത്. വ്യത്യസ്ത സാഹചര്യങ്ങൾ ദുരന്തമായി മാറിയ യെമനിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മേകുനു ചുഴലിക്കാറ്റ് മൂലം വൈദ്യുതി പദ്ധതികൾ തകർന്ന യെമനിലെ ഒരു ഗ്രാമത്തിൽ കുവൈത്ത് വക സോളർ വൈദ്യുതി പദ്ധതിയും നടപ്പാക്കി.
പലസ്തീനിലെ ഗാസയിൽ കുവൈത്ത് സഹായത്തോടെ അൽ ഫലാഹ് ചാരിറ്റി സംഘം ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്തു. റമദാനിൽ ഗാസയിൽ ഉടനീളം ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയാണ് ഇപ്പോൾ. ജോർദ്ദാനിലെ പലാവൻ, ഹൈയാൻ പ്രവിശ്യകളിൽ സ്കൂൾ കുട്ടികൾക്ക് കുവൈത്ത് ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 1900 കുടുംബങ്ങൾക്ക് അവശ്യവസ്തുക്കളും എത്തിച്ചു.
അപകടരഹിത റമസാൻ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ വാഹനമോടിക്കുന്നവർക്ക് ഇഫ്താർ വിഭവം നൽകുന്ന പദ്ധതിയും റെഡ് ക്രസന്റിന്റെ മേൽനോട്ടത്തിലുണ്ട്. 14000 വൊളന്റിയർമാരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഫിലിപ്പീൻസിലെ മയോൻ ഗ്രാമത്തിലും അൽബായ് പ്രവിശ്യയിലും സ്കൂൾ കുട്ടികൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി 1000 സ്കൂൾ ബാഗുകളും വിതരണം ചെയ്തു.