ഇന്ത്യയിൽ 6500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യു.എ.ഇ വ്യവസായികൾ

ദുബൈ : അടിസ്ഥാന സൗകര്യ മേഖലയിലുൾപ്പെടെ ഇന്ത്യയിൽ 6500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യു.എ.ഇ വ്യവസായികൾ അറിയിച്ചു. യു.എ.ഇ ആസ്ഥാനമായി രൂപം കൊണ്ട ബിസിനസ് ലീഡേഴ്‌സ് ഫോറ (ബി.എൽ.എഫ്)മായിരിക്കും നിക്ഷേപങ്ങൾ സമാഹരിച്ച് ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടിയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. യു.എ.ഇ. ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി, യു.എ.ഇ അടിസ്ഥാനസൗകര്യ വികസനമന്ത്രി അബ്ദുള്ള അൽ നുഐമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
യു.എ.ഇയിലെ പ്രമുഖരായ എണ്ണൂറോളം വ്യവസായികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. തെലങ്കാന, ഉത്തർപ്രദേശ്, മണിപ്പുർ, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രതിനിധിയായി വാണിജ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര സിംങ്ങും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 7500 കോടി ഡോളർ (ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ) നിക്ഷേപം നടത്താമെന്ന യു.എ.ഇ സർക്കാരിന്റെ വാഗ്ദാനത്തിന്റെ ഭാഗമായാണീ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദർശനസമയത്ത് നടത്തിയ സംയുക്തപ്രഖ്യാപനത്തിലായിരുന്നു യു.എ.ഇയുടെ ഈ വാഗ്ദാനം.
വ്യവസായികളിൽ നിന്ന് ഇത്രയും വലിയ പ്രഖ്യാപനം ഉണ്ടാവുന്നത് ഇതാദ്യമായാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അഭിപ്രായപ്പെട്ടു. ഉച്ചകോടികളിൽ നടക്കുന്ന ചർച്ചകൾക്കുമപ്പുറം പ്രവൃത്തിയിലാണ് ബി.എൽ.എഫ്. വിശ്വസിക്കുന്നതെന്ന് ഫോറം പ്രസിഡണ്ട് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇന്ത്യൻ സ്ഥാനപതി നവദീപ് സിംങ് സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എൻ.എം.സി. ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് സുധീർകുമാർ ഷെട്ടി, ഐ.ടി.എൽ കോസ്‌മോസ് ചെയർമാൻ റാം ബുക്‌സാനി, ബി.എൽ.എഫ്. സെക്രട്ടറി ജനറൽ ശ്രീപ്രിയാ കുമാരിയ, സംഘാടക സമിതി ചെയർമാൻ സുദേഷ് അഗർവാൾ തുടങ്ങിയവർ സംബന്ധിച്ചു.