യു.എ.ഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും അഡ്‌നോക് ആസ്ഥാനം സന്ദർശിച്ചു

അബുദാബി : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അഡ്നോക്ക് ആസ്ഥാനം സന്ദർശിച്ചു. ഊർജ −ഊർജേതര രംഗങ്ങളിലൂടെ രാഷ്ട്രത്തിന്റെ സാന്പത്തികരംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ച് ഭരണാധികാരികൾ ചർച്ച ചെയ്തു.
യു.എ.ഇ.യെ ലോകരാഷ്ട്ര ങ്ങളിൽ ഏറ്റവും മുൻപന്തിയിലെത്തിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും വിലയിരുത്തി. യു.എ.ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന്റെ കീഴിൽ രാഷ്ട്രം മികച്ച പുരോഗതിയിലേക്ക് കുതിക്കുകയാണ്. മാനവ വിഭവശേഷി ശക്തമാവുന്നതോടെ രാഷ്ട്രവികസനത്തിന്റെ അടിത്തറ സുശക്തമാവുകയും ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ. മാറുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.