കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയുൾപ്പെടെ 39 ഇടങ്ങളിൽറെയ്ഡ്

ബെംഗളൂരു : ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിക്കാൻ മുൻകയ്യെടുത്ത കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയുൾപ്പെടെ 39 ഇടങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് പുരോഗമിക്കുകയാണ്. ഇതിനിടെ, എംഎൽഎമാരെ താമസിപ്പിച്ചിരുന്ന ബെംഗളൂരുവിലെ ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിൽനിന്നു മന്ത്രി ഡി.കെ. ശിവകുമാറിനെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.
44 കോൺഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിരുന്ന ബെംഗളൂരുവിലെ ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ ഇവിടെ റെയ്ഡ് നടത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റിസോർട്ടിൽവച്ച് മന്ത്രിയെ ചോദ്യം ചെയ്തശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആദായനികുതി വകുപ്പിലെ 120 ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. ഉദ്യോഗസ്ഥർക്കു സുരക്ഷയൊരുക്കി സിആർപിഎഫ് സേന ഒപ്പമുണ്ട്. എംഎൽഎമാരെ മാറ്റിപ്പാർപ്പിച്ചതിൽ പണത്തിന്റെയും അധികാരത്തിന്റെയും ദുർവിനിയോഗം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടുചെയ്യാൻ എംഎൽഎമാർക്കു ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഓഗസ്റ്റ് എട്ടിനാണു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള പ്രവേശനത്തിന് എംഎൽഎമാരെ കൂടെ നിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ്. കഴിഞ്ഞദിവസങ്ങളിൽ ഗുജറാത്തിൽ കോൺഗ്രസ് സാമാജികരുടെ അംഗബലം 57ൽ നിന്ന് 50 ആയി കുറഞ്ഞിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്‍റെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.