അംഗവൈകല്യമുള്ളവർക്ക് മികച്ച സേവനം ലഭ്യമാക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

ദുബായ് : അംഗവൈകല്യമുള്ളവർക്ക് കൂടുതൽ മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകുന്നു. ദുബൈ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്.
രാജ്യത്തെ അംഗവൈകല്യമുള്ള ജനതയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി പ്രത്യേകം നയങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇവരുടെ പുനഃരധിവാസം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, സാമൂഹിക സുരക്ഷ, കുടുംബ ശാക്തീകരണം എന്നിവയ്ക്ക് പുറമെ പൊതുജീവിതം, കായികം എന്നീ മേഖലയിൽ കൂടുതൽ കരുതൽ നൽകണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ കഴിവില്ലാത്ത ജനതയുടെ കാര്യത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്ന് ആർ.ടി.എയുടെ കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സ
ർവ്വീസ് മേഖലയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് മഹ്ബൗദ് വ്യക്തമാക്കി. ഇതിനായി ജീവനക്കാർക്ക് വേണ്ട പരിശീലനം നൽകാൻ ആർ.ടി.എ തുടക്കമിട്ടതായി
അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ സന്തോഷവും സൗകര്യവുമാണ് ആർ.ടി.എ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2020ഓടെ ദുബൈയിയെ അംഗവൈകല്യമുള്ള ജനതയെ സംരക്ഷിക്കുന്ന ഏറ്റവും വലിയ നഗരമായി മാറ്റുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ വർഷം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനായി കെട്ടിടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ, ഗതാഗതം, അടിസ്ഥാന സൗകര്യമേഖല എന്നിവ മെച്ചപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.