അഭിമാനമായി മലയാളി താരം മിന്നുമണി; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ്

മിന്നുമണി മിന്നിച്ച മത്സരത്തിൽ ഇന്ത്യക്ക് കലക്കൻ ജയം. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ബംഗ്ലാദേശിന്‍റെ 115 റൺസ് വിജയലക്ഷ്യം ഇന്ത്യ 22 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അർധസെഞ്ചുറിയുമായി കസറിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ (പുറത്താകാതെ 35 പന്തിൽ 54) പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നൽകിയത്. ആറ് ഫോറും രണ്ട് സിക്സറുകളുമാണ് ക്യാപ്റ്റന്‍റെ ബാറ്റിൽനിന്നും പറന്നത്. ഇന്ത്യക്ക് തുടക്കത്തിലേ ഷഫാലി വർമയെ നഷ്ടമായി (0). ജെമീമ റോഡ്രിഗ്രസും (11) വേഗം മടങ്ങിയെങ്കിലും ഇന്ത്യ പതുമിയില്ല. സ്മൃതി മന്ദാനയും (38) ഹർമൻപ്രീതും ചേർന്ന് ബംഗ്ലാദേശിന്‍റെ പ്രതീക്ഷകളെ "തല്ലി'ക്കളഞ്ഞു. നേരത്തെ ശാന്തി റാണി (22), ശോഭന മോസ്റ്ററി (23), ഷോർന അക്തർ (28) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നൽകിയത്.
ഇന്ത്യൻ ജഴ്സിയിൽ എറിഞ്ഞ നാലാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി മലയാളി താരം മിന്നുമണി ഇന്ത്യയുടെ മുത്തുമണിയായി. ബംഗ്ലാദേശിന്‍റെ ഷമീമ സുൽത്താനയാണ് മിന്നുമണിയുടെ പന്തിൽ പുറത്തായത്. ജെമീമ റോഡ്രിഗ്രസ് സ്ക്വയർ ലെഗിൽ ഷമീമയെ കൈയ്ക്കുള്ളിലൊതുക്കുകയായിരുന്നു. മൂന്ന് ഓവറിൽ 21 റൺസ് മിന്നുമണി വിട്ടുനൽകി. പൂജാ വസ്ത്രാകർ, ഷഫാലി വർമ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.
ASDADSADS