ലേല വേദിയിൽ വിളിച്ചില്ല; ഐപിഎൽ പ്രതീക്ഷ അവസാനിച്ച് ശ്രീശാന്ത്

മലയാളി പേസർ എസ് ശ്രീശാന്ത് ഐപിഎല്ലിനില്ല. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയിൽ വിളിച്ചില്ല. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാന്‍ റോയൽസ് എന്നീ ടീമുകൾക്കായി 2008−13 കാലയളവിൽ 44 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്.
2013ൽ രാജസ്ഥാന്‍ റോയൽസിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽ ഉൾപ്പെടുന്നത്. ഇതിനെത്തുടർന്ന് താരത്തിന് അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. അതേസമയം, സൂപ്പർതാരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കറിനെ ഇത്തവണയും 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു. മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താര ലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓൾറൗണ്ടർമാരുടെ വിഭാഗത്തിലെത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.