സിഡ്നി ടെസ്റ്റില്‍ രോഹിത് ഓപ്പണ്‍ ചെയ്യും; സെയ്‌നിക്ക് അരങ്ങേറ്റം


 

സിഡ്നി: ഓസ്ട്രേലിയക്കെതിരേ വ്യാഴാഴ്ച സിഡ്നിയിൽ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയായിരിക്കും ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഇന്ത്യയ്ക്കുവേണ്ടി മീഡിയം പേസർ നവ്ദീപ് സെയ്നി അരങ്ങേറ്റം കുറിയ്ക്കും. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് സെയ്നി ടീമിൽ ഇടം നേടിയത്.
തുടർച്ചയായ രണ്ട് ടെസ്റ്റുകളിലും മോശം ഫോമിലായിരുന്ന മായങ്ക് അഗർവാളിന് പകരമാണ് രോഹിത് ഓപ്പണറാകുന്നത്.
ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം നവ്ദീപ് സെയ്നി കൂടി ചേരുന്പോൾ മുൻനിര പേസ് ബൗളർമാരുടെ മികച്ച പ്രകടനം സിഡ്നിയിൽ പ്രതീക്ഷിക്കാം. ശാർദുൽ ഠാക്കൂർ, നടരാജൻ എന്നിവരെ പിന്തള്ളിയാണ് സെയ്നി ടീമിൽ ഇടം പിടിച്ചത്. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചതോടെ പരന്പര സമനിലയിലാണ്. സിഡ്നിയിൽ ഒരിക്കൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 42 കൊല്ലം മുൻപ് 1978ൽ. പിന്നീട് നാല് ടെസ്റ്റിൽ തോൽക്കുകയും അഞ്ചെണ്ണം സമനിലയിലാവുകയും ചെയ്തു.

You might also like

Most Viewed