ദൃശ്യവിസ്‌മയമായി ആഴിമലയിലെ കൂറ്റന്‍ ഗംഗാധരേശ്വര പ്രതിമ


 

രാജ്യത്തെ ഏറ്റവും വലിപ്പമേറിയതെന്ന്‌ വിശേഷിപ്പിക്കാവുന്ന ഗംഗാധരേശ്വര ശിവരൂപ സാക്ഷാത്‌കാരത്തിലൂടെ മറ്റൊരു ചരിത്ര നിയോഗത്തിന്‌ കൂടി സാക്ഷ്യം വഹിക്കുകയാണ്‌ ആഴിമല. ഭക്തിയും വിനോദ സഞ്ചാരവും സമന്വയിക്കുന്ന ആഴിമലയില്‍ എത്തുന്ന ഭക്തജനങ്ങല്‍ക്കും വിനോദ സഞ്ചാരികള്‍ക്കും, ജഡയഴിച്ച്‌ ഗംഗാദേവിയെ തലയിലേറ്റി കഴുത്തില്‍ രുദ്രാക്ഷവും നാഗവും കൈകളില്‍ ഉടുക്കും തൃശൂലവും പേറി മരവുരിയും തളയുമണിഞ്ഞ്‌ ഗൗരവമാര്‍ന്ന ലാസ്യഭാവത്തിലുള്ള ശിവശിൽപം ദൃശ്യവിസ്‌മയം തീര്‍ക്കുകയാണ്‌. ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും സമൃദ്ധിക്കായി മഹേശ്വര ഭഗവാന്‍ തന്റെ ജഡയഴിച്ച്‌ താഴേക്ക്‌ വിടര്‍ത്തി ജലദേവതയായ ഗംഗാദേവിയെ ഭൂമിയിലേക്ക്‌ ഒഴുക്കിവിടുന്ന ഭാവത്തിലുള്ള 58 അടി ഉയരമുള്ള ശിവരൂപംഗംഗാധരേശ്വരന്‍ എന്നാണറിയപ്പെടുന്നത്‌. കേരളത്തില്‍ ആഴിമലയില്‍ മാത്രമാണ്‌ ഈ രുപത്തില്‍ ശിവനുള്ളത്‌. ശിൽപമിരിക്കുന്ന പാറക്കെട്ടിനടിയില്‍ തയാറാകുന്ന ധ്യാനകേന്ദ്രവും ഭക്തര്‍ക്ക്‌ നവ്യാനുഭവമാകും. മൂവായിരം സ്‌ക്വയർ ഫീറ്റില്‍ മൂന്ന്‌ നിലകളിലായാണ്‌ ധ്യാനകേന്ദ്രം തയാറാകുന്നത്‌. ഗുഹാ സമാനമായ അറയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്‌ വാസ്‌തുകലകൾ നിറഞ്ഞ തട്ടിന്‍പുറങ്ങൾ, പരമശിവന്റെ ഏറ്റവും വലിയ ശയന രൂപം, 25 മുഖഭാവങ്ങളുള്ള ശിവന്‍റെ പൂര്‍ണ്ണരൂപം, അര്‍ദ്ധനാരീശ്വര രൂപം എന്നിവയാണ്‌. ഇതോടൊപ്പം ക്ഷേത്ര ഐതിഹ്യങ്ങള്‍ ആലേഖനം ചെയ്‌ത ശിൽപചാരുതയാര്‍ന്ന ചുവരുകളും ഭക്തജനങ്ങളെ മറ്റൊരു ശിവലോകത്തിലേക്ക്‌ നയിക്കും.
കാറ്റും വെളിച്ചവും, ഓംകാര നാദവും ഉദയാസ്‌തമയ കാഴ്‌ച്ചകളും നേരില്‍ അനുഭവ വേദ്യമായിമാറുന്ന വിധത്തിലാണ്‌ അകത്തളങ്ങളാകെ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ശിൽപത്തിനടിയിലെ ഗുഹാമുഖത്ത്‌ നിന്നും 27 പടിക്കെട്ടുകള്‍ ഇറങ്ങിയെത്തുന്ന ധ്യാനകേന്ദ്രത്തിലെ വിശാലമായ ശിലാ പ്രതലത്തില്‍ ഒരേ സമയം മുന്നൂറ്‌ പേര്‍ക്ക്‌ ധ്യാനനിരതരാകാനുള്ള സൗകര്യമാണുള്ളത്‌. പുളിങ്കുടി ആഴി മല ശിവക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ 2 ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ച ശിവരൂപം കടല്‍ക്കാറ്റിനെ പ്രതിരോധിക്കുന്ന രൂപകല്‍പ്പനയോടെ പൂര്‍ണ്ണമായും കോണ്‍ക്രീറ്റിലാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌.

You might also like

Most Viewed