അണ്ടർ 17 ലോകകപ്പ് ടീം ജർമനിയിലേക്ക്

ന്യൂഡൽഹി: രണ്ടു വർഷത്തിനു ശേഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീം, കളി മികവിന്റെ പാഠങ്ങൾ തേടി ജർമനിയിലേക്കു യാത്രയാകാനൊരുങ്ങുന്നു. ജർമനിയിലെ യുവ പ്രഫഷനൽ ലീഗായ ജൂനിയർ ബുന്ദസ് ലീഗയുടെ അടുത്ത സീസണിൽ ടീം കളിക്കും.
യൂറോപ്പിലെ ഏറ്റവും മികച്ച ജൂനിയർ ഫുട്ബോൾ ലീഗുകളിലൊന്നാണ് ജർമനിയിലേത്. കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ ഫിഫാ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു ജർമൻ ഒളിംപിക് കമ്മിറ്റിയുടെ സഹായം തേടാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ലോകകപ്പിനായി ഇന്ത്യ ഒരുക്കുന്ന ടീമിന്റെ ചുമതലയുള്ള ജർമൻ പരിശീലകൻ നിക്കോളായ് ആദമാണ് ആശയം മുന്നോട്ടുവച്ചത്.
ലോകത്ത് ഏറ്റവും ഫലപ്രദമായി യൂത്ത് ഡവലപ്മെന്റ് പദ്ധതി നടപ്പാക്കിയ രാജ്യമാണു ജർമനി. ഇതിന്റെ ഭാഗമായി 2007-ൽ രൂപംനൽകിയ ജൂനിയർ ബുന്ദസ് ലീഗ വൻ വിജയമാണ്. തോമസ് മുള്ളറുൾപ്പെടെ ഒട്ടേറെ പ്രമുഖ കളിക്കാർ വളർന്നുവന്നത് ഈ ലീഗിലൂടെയാണ്. നിക്കോളായ് ആദമിന്റെ മുൻകൈയിൽ എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ജർമൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വോൾഫ്ഗാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആശയം മുന്നോട്ടുവച്ചത്.
വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി കുശാൽ ദാസ് പറഞ്ഞു. കാര്യങ്ങൾ പദ്ധതിപ്രകാരം നടന്നാൽ, യൂറോപ്പിലെ പ്രഫഷനൽ ലീഗിൽ ഇന്ത്യൻ ടീമിനു പരിശീലനത്തിന് അവസരം ലഭിക്കുന്നത് ആദ്യമായിരിക്കും. ഏഷ്യാ കപ്പിനു മുന്നോടിയായി ഇന്ത്യൻ സീനിയർ ടീം പോർചുഗലിലും യുഎഇയിലും ദീർഘപരിശീലനം നടത്തിയിരുന്നെങ്കിലും സൗഹൃദ മൽസരങ്ങൾ മാത്രമാണു കളിച്ചത്.
ജർമൻ പദ്ധതിക്ക് ആവശ്യമായ ഏഴു കോടി രൂപ, ലോകകപ്പ് ഒരുക്കങ്ങൾക്കു വകയിരുത്തിയ ഫണ്ടിൽ നിന്നു കായിക മന്ത്രാലയം നൽകും. ലോകപ്പിൽ ആദ്യമായി കളിക്കാൻ അവസരം ലഭിക്കുന്ന ഇന്ത്യ മികച്ച തയാറെടുപ്പാണ് നടത്തുന്നത്. നിലവിൽ യൂറോപ്യൻ പര്യടനത്തിലായ ടീം ഈ മാസം ഇറാനിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 16 യോഗ്യതാ മൽസരത്തിൽ കളിക്കും. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാകപ്പിലും കളിക്കുന്നുണ്ട്. 2017 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ 24 രാജ്യങ്ങൾ പങ്കെടുക്കും.