മോദി തരംഗം പാക്ക് അധീന കാശ്മീരിലും


ന്യൂഡൽഹി: മോദി തരംഗത്തിൽ ആവേശരായ പാക്ക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പാക്ക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം ചേരാനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അവിടം സന്ദർശിച്ച അൻജുമൻ മിൻഹാജെ റസൂൽ ചെയർമാൻ മൗലാന സയിദ് അതർ ഹുസൈൻ ദഹ്‍ലവി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം പാക്ക് അധീന കശ്മീരിലെ ജനങ്ങളിലെല്ലാം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരാകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനത്തിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്. സമാധാനപരമായ ജീവിതമാണ് അവർ ആഗ്രഹിക്കുന്നത്. ഒരു ജനഹിത പരിശോധന നടത്തുകയാണെങ്കിൽ അവർ തിരികെ ഇന്ത്യയോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നതായിട്ടാകും വോട്ട് ചെയ്യുക. കറാച്ചിയിലും ബലൂചിസ്ഥാനിലും താമസിക്കുന്ന ജനങ്ങൾ ഇന്ത്യയുമായി സ്നേഹപൂർവമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2015 ൽ ഭൂകമ്പമുണ്ടായപ്പോഴും 2014 ൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളിൽ ജനങ്ങൾ സന്തുഷ്ടരാണ്. ഇതും ഇന്ത്യയോടുള്ള അടുപ്പം കൂട്ടിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വർഷം കശ്മീർ താഴ്‍വര സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്ക് അധീന കശ്മീരിലെ ജനങ്ങൾക്ക് തന്നെക്കൊണ്ട് കഴിയുന്ന എന്തു സഹായവും നൽകാമെന്ന് വാഗ്ദാനം നടത്തിയിരുന്നു. ഇതും ജനങ്ങളിൽ ഇന്ത്യയോടുള്ള അടുപ്പം കൂട്ടിയതായി ദഹ്‍ലവി വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി പാക്ക് അധീന കശ്മീരിലെ ജനങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ വിഷയം റിപ്പോർട്ടും ചെയ്തിരുന്നു. ഇതും പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം പാക്ക് അധീന കശ്മീരിലെ വെള്ളപ്പൊക്കബാധിത മേഖലകളിൽ പ്രധാനമന്ത്രി നവാസ് ഷെരീഫ് സന്ദർശനം നടത്തിയപ്പോൾ ‘ഗോ നവാസ് ഗോ’ എന്നുള്ള മുദ്രാവാക്യങ്ങൾ ജനങ്ങൾ മുഴക്കിയിരുന്നു. പാക്കിസ്ഥാൻ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. മാത്രമല്ല പാക്ക് അധീന കശ്മീർ മേഖലയെ സർക്കാർ അവഗണിക്കുകയാണെന്നും ഭീകരർക്ക് സങ്കേതങ്ങൾ ഒരുക്കാൻ സർക്കാർ തങ്ങളെ കരുവാക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു.

You might also like

  • Straight Forward

Most Viewed