ഐപിഎൽ നടത്താൻ ഏഷ്യാകപ്പ് മാറ്റിവയ്ക്കാൻ സമ്മതിക്കില്ലെന്ന് പാക്ക് ബോർഡ്

ഇസ്‍ലാമാബാദ്: കൊറോണ മൂലം അനിശ്ചിതമായി നീട്ടിവച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13-ാം പതിപ്പ് നടത്തുന്നതിന് ഈ വർഷത്തെ ഏഷ്യാകപ്പ് മാറ്റിവയ്ക്കാൻ അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ എഹ്സാൻ മാനി. ഏഷ്യാകപ്പിൽ നിന്നുള്ള വരുമാനം മേഖലയിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അത്യന്താപേഷിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി.
ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനായി ഇത്തവണത്തെ ഏഷ്യാകപ്പ് ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ ഞാനും കണ്ടു. പക്ഷേ, ഏഷ്യാകപ്പ് നടന്നാലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമായി കൈക്കൊള്ളാനാകില്ല. ഏഷ്യാകപ്പിൽ കളിക്കുന്ന മറ്റു രാജ്യങ്ങളുടെ നിലപാടു കൂടി പരിഗണിക്കേണ്ടതുണ്ടെന്നും എഹ്സാൻ മാനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഊഴമനുസരിച്ച് ഈ വർഷത്തെ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത് പാക്കിസ്ഥാനായിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനിൽ കളിക്കാനാകില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ഈ വർഷത്തെ ഏഷ്യാകപ്പ് ദുബായിലും അബുദാബിയിലുമായി നടത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് കൊറോണ വൈറസ് വ്യാപനം നിമിത്തം എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയത്.
ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഈ മേഖലയിലെ ക്രിക്കറ്റിന്റെ വളർച്ച ഏഷ്യാകപ്പിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ അംഗങ്ങളായ രാജ്യങ്ങൾക്കും ഈ ടൂർണമെന്റ് വളരെ പ്രധാനപ്പെട്ടതാണെന്നും എഹ്സാൻ മാനി ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോഴത്തെ അവസ്ഥയിൽ ഏഷ്യാകപ്പ് നടക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ലെന്നും അദ്ദേഹം സമ്മതിച്ചു. നേരത്തെ, പാക്കിസ്ഥാൻ ക്രിക്കറ്റിന് നിലനിൽക്കാൻ ഇന്ത്യയുടെ യാതൊരുവിധ സഹായവും ആവശ്യമില്ലെന്ന് എഹ്സാൻ മാനി വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും ഈ വെല്ലുവിളി ഘട്ടത്തിലും നിലനിൽക്കാനും മുന്നോട്ടുപോകാനും പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം ആവശ്യമില്ലെന്ന് മാനി വ്യക്തമാക്കി.