ഐ.പി.എല്‍ പുതിയ സീസൺ അനിശ്ചിതത്വത്തിൽ

മുംബൈ: കൊറോണയെ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇനി വർഷം ഐ.പി.എൽ നടക്കുന്ന കാര്യം തന്നെ സംശയത്തിലായിരിക്കുകയാണ്. ടൂർണമെന്റ് തൽകാലം അനിശ്ചിതമായി നീട്ടിവയ്ക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതു സംബന്ധിച്ച് ഐ.പി.എൽ ഗവേണിങ് കൗൺസിൽ എല്ലാ ഫ്രാഞ്ചസികളെയും ടെലിവിഷൻ സംപ്രഷകരെയും ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരേ ബി.സി.സി.ഐയോ ഐ.പി.എൽ ഗവേണിങ് കൗൺസിലോ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറക്കിയിട്ടില്ല.
എന്തായാലും മെയ് മൂന്ന് വരെ ഐ.പി.എല്ലിനെ കുറിച്ച് ഒരു ആലോചനയും നടത്തുന്നില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു. മെയ് മൂന്നിന് ശേഷം കോവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന പുതിയ മാനദണ്ധങ്ങൾ പരിശോധിച്ചശേഷം ഐ.പി.എല്ലിന്റെ ഭാവിയെക്കുറിച്ച് ചർച്ച നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം.
മുൻ നിശ്ചയപ്രകാരം മാർച്ച് 29നായിരുന്നു ഐ.പി.എൽ നടക്കേണ്ടിയിരുന്നത്. എന്നാൽ, കോറോണ വൈറസ്ബാധ രൂക്ഷമായതോടെ ടൂർണമെന്റ് ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്ന ഏപ്രിൽ പതിനഞ്ച് വരെ നീട്ടിവച്ചു. ഇതിനുശേഷമാണ് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്.
ഐ.പി.എല്ലിന്റെ നടത്തിപ്പിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് ബി.സി.സി.ഐ. അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ടൂർണമെന്റ് നീട്ടിവയ്ക്കാൻ തീരുമാനിച്ചതിൽ നിന്ന് കാര്യങ്ങളിൽ ഒട്ടും പുരോഗമിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.