ബ്ലഡ് ബാങ്കുകൾ പ്രതിസന്ധിയിലായി; രക്തദാനവുമായി ഇന്ത്യൻ ഫുട്‌ബോള്‍ താരം ജെജെ

ഐസ്വാൾ: കോവിഡ്−19 രോഗവ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീട്ടിയതോടെ ആശുപത്രികളിൽ രക്തം ആവശ്യമായി വന്നവർക്ക് സഹായവുമായി ഇന്ത്യൻ ഫുട്ബോൾ താരം ജെജെ ലാൽപെഖുവ. ദ യങ് മിസോ അസോസിയേഷൻ (വൈ.എം.എ) അംഗമായ ജെജെയും മറ്റ് 27 അസോസിയേഷൻ അംഗങ്ങളും മിസോറമിലെ ദർത്തലാങിലെ സിനോദ് ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതോടെ ആശുപത്രികളിൽ ബ്ലഡ് യൂണിറ്റുകളിൽ കുറവുണ്ടായിരുന്നു.
ഇതോടെ ആശുപത്രി അധികൃതർ സഹായത്തിനായി യങ് മിസോ അസോസിയേഷനെ സമീപിക്കുകയായിരുന്നു. ‘’ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് പ്രതികരിക്കാതെ വെറുതെ ഇരിക്കാനാകില്ല. ഇത് എനിക്കോ മറ്റുള്ളവർക്കോ വേണ്ടിയല്ല. ഒന്നിച്ച് നിന്ന് പോരാടുന്ന മനുഷ്യ വർഗത്തിനു വേണ്ടിയാണ്’’, ജെജെ പ്രതികരിച്ചു. മിസോറമടക്കമുള്ള മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർക്കിക്കുന്ന എൻ.ജി.ഒ ആണ് യങ് മിസോ അസോസിയേഷൻ.