ഫോർമുല വൺ ഇതിഹാസം സ്റ്റിർലിങ് മോസ് അന്തരിച്ചു

ലണ്ടൻ: ഫോർമുല വൺ ഇതിഹാസം സ്റ്റിർലിങ് മോസ് (90) അന്തരിച്ചു. ഒരു തവണ പോലും ഫോർമുല വൺ ജേതാവാകാതെ കാറോട്ട മത്സരങ്ങളിലെ ഇതിഹാസമായി മാറിയ താരമാണ്.
ഞായറാഴ്ച ലണ്ടനിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 1950−60 കാലത്ത് മെഴ്സിഡസിനുവേണ്ടി 16 ഗ്രാൻപ്രീകളിൽ ചാമ്പ്യനായി. ഇത്രയും ഗ്രാൻപ്രീകൾ ജയിച്ചെങ്കിലും ഫോർമുല വൺ സീസണിലെ ചാമ്പ്യനാകാൻ കഴിഞ്ഞിട്ടില്ല. നാലു തവണ ലോകചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായിട്ടുണ്ട് മോസ്. പതിനാലു വർഷത്തിനിടെ മാറ്റുരച്ച 529 റേസുകളിൽ 212ലും വിജയിച്ചിട്ടുണ്ട് മോസ്. മൂന്ന് തവണ ഓവറോൾ പോയിന്റിൽ മൂന്നാം സ്ഥാനക്കാരനുമായി. ഇത്രയും ഗ്രാൻപ്രീകൾ ജയിച്ചിട്ടും ഒരിക്കൽപോലും ലോകചാമ്പ്യനാകാത്ത മറ്റൊരു താരവുമില്ല ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ.
അർജന്റീനയുടെ യുവാൻ മാനുവൽ ഫാങ്കിയോ അന്ന് മെഴ്സിഡസിലെ സഹതാരമായിരുന്നു. കാറോട്ടമത്സരത്തെ പലരും ഭീതിയോടെ കണ്ടിരുന്ന കാലത്താണ് മോസ് ഈ രംഗത്തേക്കുവന്നത്.
1962−ൽ അദ്ദേഹം കാറോട്ട മത്സരങ്ങളോട് വിടപറഞ്ഞു. 1961−ൽ ബി.ബി.സി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത് മോസിനെയായിരുന്നു.