സെഞ്ചൂറിയനിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക


സെഞ്ചൂറിയൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 107 റൺസിന് ജയിച്ചു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിലെ ആദ്യ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റുകളുടെ പരന്പരയിൽ മുന്നിലെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 284, 272 ഇംഗ്ലണ്ട് 181, 268. ആദ്യ ഇന്നിംങ്സിൽ 95 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് കളിയിലെ താരമായി.

376 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണർ റോറി ബേൺസ് (84), ജോ റൂട്ട് (48), ജോ ഡെൻലി (31) എന്നിവർ പൊരുതിയെങ്കിലും മധ്യനിരയും വാലറ്റവും കീഴടങ്ങി. 103 റൺസിന് നാലുവിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ കാഗിസോ റബാദ വിജയം വേഗത്തിലാക്കി. ആന്റിച്ച് നോർജെ 56 റൺസിന് മൂന്നു വിക്കറ്റെടുത്തു. മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ ഒരു വിക്കറ്റിന് 121 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് 268 റൺസിന് പുറത്താകുകയായിരുന്നു.

രണ്ടാമിന്നിംങ്സിൽ വാൻഡർ ഡസന്റേയും ഫിലാൻഡറുടേയും നോർജെയുടേയും മികവിൽ ദക്ഷിണാഫ്രിക്ക 272 റൺസ് നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ വിജയലക്ഷ്യം 376 റൺസായി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ അഞ്ചു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംങ്സിൽ 103 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 284 റൺസിന് പുറത്താകുകയായിരുന്നു. സാം കുറൻ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ നാല് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംങ്ങിൽ ഇംഗ്ലണ്ട് 181 റൺ്സിന് പുറത്തായി. ഫിലാൻഡർ നാലും കാഗിസൊ റബാദ മൂന്നു വിക്കറ്റെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed