പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അപരാജിത കുതിപ്പ്; സിറ്റിക്കും ചെൽസിക്കും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജൈത്രയാത്ര തുടരുന്നു. വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപ്‍പിച്ചത്. 42ാം മിനുട്ടിൽ സാദിയോ മാനെയാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്. 19 കളിയിൽ 55 പോയിന്റുമായി ലീഗിൽ ബഹുദൂരം മുന്നിലാണ് ലിവർപൂൾ.
മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്‍പിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. സെർജിയോ അഗ്യൂറോ, കെവിൻ ഡിബ്രുയിൻ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. 20 കളിയിൽ 41 പോയിന്റുള്ള സിറ്റി ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്.
ചെൽ്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോൽപ്പിച്ചു. പുതിയകോച്ച് മികേൽ അർട്ടേറ്റയ്ക്ക് കീഴിൽ ആദ്യ ഹോം മത്സരത്തിനിറങ്ങിയ ആഴ്‌സണലിനെ പതിമൂന്നാം മിനിറ്റിൽതന്നെ ഒബമയാംഗ് മുന്നിലെത്തിച്ചു. ഒറ്റഗോളിൽ ആഴ്‌സണൽ ജയിച്ചുകയറുമെന്ന് ആരാധകർ കരുതിയിരിക്കേ, ചെൽസിയുടെ സമനിലഗോളെത്തി. എൺപത്തിമൂന്നാം മിനിറ്റിൽ ജോർജീഞ്ഞോ ആയിരുന്നു സ്‌കോറർ. നാലുമിനിറ്റിനകം ടാമി അബ്രഹാമിന്റെ വിജയഗോളുമെത്തി.