യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


 

മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂർണമെന്റുകളിൽ 37കാരനായ യുവരാജ് തുടർന്നും കളിക്കും.

2000ൽ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളിൽ‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിന്റെ താരം.

2007ലെ ട്വന്റി−20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാൻസർ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തിൽ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

304 ഏകദിനങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 52 അർധസെഞ്ചുറിയും സഹിതം 8701 റൺസടിച്ച യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകർത്താൻ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളിൽ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1900 റൺസെ നേടാനായുള്ളു. ഒന്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാൽ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളിൽ കളിച്ച യുവി 136.38 പ്രഹരശേഷിയിൽ‍ 1177 റൺസടിച്ചു. എട്ട് അർധസെഞ്ചുറിയും ഇതിൽ‍ ഉൾപ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2017ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

You might also like

Most Viewed