ചെന്നൈയിൻ എഫ്.സിയെ എതിരില്ലാരത്ത ഒരു ഗോളിന് തോൽപ്പിച്ച് ബംഗളൂരു എഫ്സി

ബംഗളൂരു : ഐഎസ്എൽ കഴിഞ്ഞ സീസൺ ഫൈനലിലെ തോൽവിക്ക് ചെന്നൈയിൻ എഫ്.സിയോട് ഇത്തവണത്തെ ആദ്യ മത്സരത്തിൽത്തന്നെ ബംഗളൂരു എഫ്സി പകരംവീട്ടി. ഇന്നലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മിക്കു നേടിയ ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ മുന്നിലെത്താൻ ബംഗളൂരു എഫ്.സിക്ക് അവസരമുണ്ടായി. എന്നാൽ ഇടതുവിംഗിലൂടെയുള്ള ഛേത്രിയുടെ നീക്കം ത്രോ ഇന്നിൽ അവസാനിച്ചു. 19−ാം മിനിട്ടിൽ ചെന്നൈയിനുവേണ്ടി ജെജെയുടെ മുന്നേറ്റവും ഫലം കാണാതെ പോയി. 33−ാം മിനിട്ടിലെ ജെജെയുടെ മുന്നേറ്റം ബംഗളൂരു പ്രതിരോധം തടുത്തു. 41−ാം മിനിട്ടിലാണ് നിക്കോളാസ് ഫെദോർ എന്ന മിക്കുവിലൂടെ ബംഗളൂരു സ്കോർ ചെയ്തത്. മിഡ് ഫീൽഡിൽ നിന്ന് പന്ത് കിട്ടിയ സിസ്കോ മിക്കുവിനെ ലക്ഷ്യമാക്കി ത്രൂപാസ് നീട്ടി നൽകുകയായിരുന്നു. പന്ത് ലഭിച്ച മിക്കുവിന്റെ ശക്തമായ ഷോട്ട് വലയിൽ കയറി.
മത്സരത്തിൽ ആധിപത്യം ചെന്നൈയിനായിരുന്നു. 58 ശതമാനം പന്തടക്കവും അവർക്കായിരുന്നു. ഗോൾ ഷോട്ടിന്‍റെ എണ്ണത്തിലും ചെന്നൈയിനായിരുന്നു മുന്നിൽ. എന്നാൽ ഗോൾ നേടാൻ അവർക്കായില്ല.