ട്വന്റി20 : ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ

ന്യൂഡൽഹി : ന്യൂസിലന്റിനെതിരായ ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ബഹ്റൈൻ സമയം വൈകീട്ട് 5.30 മുതലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ട്വിന്റി20 മത്സരത്തിൽ ന്യൂസിലന്റിനെതിരെ കളിച്ച അഞ്ചിലും ജയം കാണാത്തതിന്റെ കുറവുണ്ട് ഇന്ത്യക്ക്. ആ ഒരു കുറവ് നികത്തി ഇന്ത്യ ഇന്ന് ജയിച്ചാൽ18 വർഷത്തെ കളിജീവിതത്തിന് വിരാമമിടാൻ പോകുന്ന പേസർ ആശിഷ് നെഹ്റയ്ക്ക് വിരാട് കോഹ്്ലിയും സംഘവും നൽകുന്ന ഏറ്റവും മികച്ച യാത്രയയപ്പ് സമ്മാനം കൂടിയാകും ആദ്യ ട്വന്റി−20യിലെ ജയം.
ഇന്ത്യ ചാന്പ്യന്‍മാരായ പ്രഥമ ട്വന്റി−20 ലോകകപ്പ്മുതൽ കഴിഞ്ഞ ലോകകപ്പ് വരെ അഞ്ചുതവണയാണ് കിവീസിനോട് ഏറ്റുമുട്ടിയത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2007ൽപ്പോലും കിവീസ്് ഇന്ത്യയുടെ മുന്നിൽ മുട്ടുമടക്കിയില്ല. പിന്നീട് 2009ൽ ന്യൂസിലൻഡിൽ കളിച്ച രണ്ട് കളിയും 2012ൽ സ്വന്തം മണ്ണിലും ഇന്ത്യക്ക് ജയം കൈയകലെ നിന്നു. ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും കീഴടക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ട്വിന്റി20ക്കിറങ്ങുക.
2016നുശേഷം വെസ്റ്റിൻഡീസിനോടു മാത്രമാണ് ഇന്ത്യക്ക് പരന്പര നഷ്ടമായത്. ബാറ്റിങ്ങിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശിഖർ ധവാനും കോഹ്്ലിയും ചേരുന്ന മുൻനിരക്കാർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മഹേന്ദ്രസിങ് ധോണി വിക്കറ്റിനു മുന്നിലും പിന്നിലും മികവ് തുടരുന്നു. ഓൾറൌണ്ടർ ഹാർദിക് പാണ്ധ്യയും മനീഷ് പാണ്ധെയും അടക്കമുള്ള യുവനിരയും ഫോമിലാണ്. ട്വന്റി−20യിൽ കിവീസ് ഏറെ ഭയപ്പെടുന്നതും ഈ യുവതാരങ്ങളെ തന്നെ.