സ്വർണ ബിസ്‌കറ്റുകളും പണവുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: ബസ്സിൽ കടത്തുകയായിരുന്ന സ്വർണ ബിസ്‌കറ്റുകളും അന്പതിനായിരം രൂപയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രൻ, സി.ഐ ടി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ മാഹി സ്വദേശി കുനിയിൽ രതീഷ് (40)ആണ് പെരിന്തൽമണ്ണയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച്‍ അറസ്റ്റിലായത്. ഓരോ കിലോ വീതം തൂക്കം വരുന്ന മൂന്ന് സ്വർണ ബിസ്‌കറ്റുകളാണ് യുവാവ് പ്രത്യേക സോക്‌സിനുളളിലാക്കി കാലിൽ കെട്ടിവെച്ചിരുന്നത്.
ഇതിന് മുന്പും സ്വർണം കടത്തിയതായി യുവാവ് പോലീസിന് മൊഴി നൽകി. പെരിന്തൽമണ്ണയിൽ ഹവാല പണവും നിരോധിത നോട്ടുകളും ആഡംബര കാറുകളിലും മറ്റും കടത്തിയതിനു നിരവധി പേർ അറസ്റ്റിലായതിനെ തുടർന്നാണ് ബസ് മാർഗ്‍ഗം കള്ളക്കടത്ത് തുടങ്ങിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.