മുഹമ്മദ് കൈഫ് പരിശീലകനാകുന്നു

ദില്ലി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പരിശീലന രംഗത്തേക്ക്. ഐപിഎല്‍ ടീമായ ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകനായിട്ടാണ് കൈഫ് വരുന്നത്. കൈഫിനെ ടീമിന്റെ അസിസ്റ്റന്‍ര് കോച്ചായി നിയമിച്ചതായി ഗുജറാത്ത് ലയണ്‍സ് ടീം ഉടമ കേശവ് ബന്‍സാല്‍ ആണ് അറിയിച്ചത്. കൈഫിന്റെ പരിചയസമ്പത്തും, മികവും ടീമിന് ഗുണകരമാകുമെന്ന് ബന്‍സാല്‍ പറഞ്ഞു.
പുതിയ റോളിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുഹമ്മദ് കൈഫ് പ്രതികരിച്ചു.
36 കാരനായ കൈഫ് രാജ്യത്തിനായി 13 ടെസ്റ്റും 125 ഏകദിന മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളില്‍ കളിച്ചിട്ടുണ്ട്.
ഓസ്‌ട്രേയിന്‍ മുന്‍ താരം ബ്രാഡ് ഹോഡ്ജാണ് ഗുജറാത്ത് ലയണ്‍സിന്റെ മുഖ്യ പരിശീലകന്‍. ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് ടീമിന്റെ നായകന്‍. രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നതാണ് ഗുജറാത്ത് ടീം.