സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

മലപ്പുറം : അറുപതാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് നാളെ മലപ്പുറത്ത് തുടക്കം കുറിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് മേള ഉദ്‌ഘാടനം ചെയ്യും. രാവിലെ ഒൻപത് മണിയ്ക്ക് വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ പതാക ഉയർത്തും. വൈകീട്ട് മൂന്നു മണിയോടെ വിദ്യാഭ്യാസമന്ത്രിയെത്തി മേള ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.അബ്‌ദുൾ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ പി.ടി ഉഷ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ പി.എ ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി ഇർഫാൻ എന്നിവർ വിശിഷ്‌ടാതിഥികളാവും.
നാല് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മേളയിൽ 95 ഇനങ്ങളിലായി 2581 പേരാണ് മാറ്റുരയ്ക്കുന്നത്. 350 ഉദ്യോഗസ്ഥരെയാണ് മത്സരം നിയന്ത്രിയ്ക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആദ്യദിനത്തിൽ 7 മണിക്കായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. 18 ഫൈനലുകളാണ് ആദ്യദിനം നടക്കുന്നത്.