രഞ്ജി ട്രോഫി : കേരളത്തിന് ഏഴു വിക്കറ്റ് ജയം

കട്ടക്ക് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം. ത്രിപുര ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു. സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് കേരളം താരം മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തായത്.
ഈ ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. 10 വിക്കറ്റ് ശേഷിക്കേ വിജയിക്കാൻ 66 റൺസ് എന്ന നിലയിലാണ് കേരളം നാലാംദിനം ബാറ്റിംഗിനിറങ്ങിയത്. സ്കോർ 151ൽ ഭവിൻ ജെ.താക്കർ (47), പത്തു റൺസ് കൂടി ചേർക്കുന്നതിനിടെ രണ്ടു വിക്കറ്റ് എന്നിവ കേരളത്തിനു നഷ്‌ടമായി. വ്യക്‌തിഗത സ്കോർ 99ൽ മുഹമ്മദ് അസ്ഹറുദീനെ ഗുരീന്ദർ സിംഗാണ് പുറത്താക്കിയത്.
ഇതിനുശേഷം സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്നാണ് കേരളത്തിന്റെ ജയം പൂർത്തിയാക്കിയത്. നേരത്തെ, വിക്കറ്റ് നഷ്ടപ്പെടാതെ 17 റൺസുമായി രണ്ടാം ഇന്നിംഗ്സിൽ മൂന്നാംദിനം കളി തുടങ്ങിയ ത്രിപുര 162 റൺസിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രന്റെയും മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ഇക്ബാൽ അബ്ദുള്ളയുടെയും മിന്നും ബൗളിംഗാണ് ത്രിപുരയെ തകർത്തത്. 54 റൺസ് നേടിയ എസ്.കെ. പട്ടേലാണ് ത്രിപുരയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ ത്രിപുര 20 റൺസിന്റെ ലീഡ് നേടിയിരുന്നു.