‘കായിക ഓസ്കർ’ ജോക്കോവിച്ചിനും സെറീനയ്ക്കും

ബർലിൻ: കായിക രംഗത്തെ ‘ഓസ്കർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോറസ് ലോക സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ലോക ഒന്നാം നന്പർ ടെന്നീസ് താരങ്ങളായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും അമേരിക്കയുടെ സെറീന വില്യംസുമാണ് പുരുഷ −വനിതാ താരങ്ങൾക്കുള്ള പുരസ്കാരം നേടിയത്. പോയ വർഷത്തിലെ ഏറ്റവും മികച്ച കായിക പ്രകടനം നടത്തിയവരെയാണ് ലോറസ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരിൽ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ബ്രസീലിന്റെ പാരലിന്പിക് നീന്തൽ താരം ഡാനിയൽ ഡയസ് അർഹനായി.
ഉസൈൻ ബോൾട്ട്, ലയണൽ മെസി എന്നിവരെ പിന്തള്ളിയാണ് ജോക്കോവിച്ച് പുരസ്കാരം സ്വന്തമാക്കിയത്. സെറീന വില്യസിനും മൂന്നാം തവണയാണ് ലോറസ് പുരസ്കാരം ലഭിക്കുന്നത്. 2003ലും 2010ലുമാണ് അവർ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ വർഷത്തെ റഗ്ബി ലോകകപ്പ് കിരീടം നേടിയ ന്യൂസിലൻഡിന്റെ റഗ്ബി ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം. സ്പിരിറ്റ് ഓഫ് സ്പോർട്ട് അവാർഡ് മരണാനന്തര ബഹുമതിയായി ഹോളണ്ട് ഫുട്ബോൾ ഇതിഹാസം യോഹൻ ക്രൈഫിന് നൽകി