ടെന്നിസിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ടെന്നിസിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്. റാങ്കിങ്ങില്‍ ആദ്യ 50 പേരിലുള്‍പ്പെടുന്ന,ഗ്രാന്റ് സ്ലാം വിജയികള്‍ ഉള്‍പ്പെടെയുള്ള 16ഓളം കളിക്കാരും ഒത്തുകളിച്ചതായി സംശയിക്കുന്നു. കോടിക്കണക്കിന് പൗണ്ടിന്റെ വാതുവെപ്പാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ടെന്നിസിന്റെ ഉന്നത തലങ്ങളില്‍ അഴിമതി നടന്നതായി തെളിയുന്ന രഹസ്യ രേഖകള്‍ കിട്ടിയതായി ബി.ബി.സിയും ബസ് ഫീഡ് ന്യുസും വാദമുന്നയിക്കുന്നു. 2007 ലെ അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചത്. വാര്‍ത്ത പുറത്തു വന്നത് ഓസ്‌ട്രേലിയന്‍ ഗ്രാന്റ് സ്ലാം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു. ടെന്നിസിലെ വാതുവെപ്പുകളും അഴിമതികളും അന്വേഷിക്കുന്ന അസോസിയേഷന്‍ ഫോര്‍ ടെന്നിസ് പ്രൊഫണല്‍സ് എന്ന ഏജന്‍സിയായിരുന്നു വാതുവെപ്പ് കണ്ടെത്തിയത്. 2008 ഇല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടരന്വേഷണം നടത്താതെ താരങ്ങളെ കളിക്കാനനുവദിക്കുകയായിരുന്നു. 2009 ല്‍ എടിപി പുതിയ അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കിയതു പ്രകാരം പഴയ വാതുവെപ്പ് കേസുകളില്‍ അന്വേഷണം നടത്തിയില്ല. 2007ല്‍ അര്‍ജന്റിനയുടെ മാര്‍ട്ടിന്‍ വസാലോയും റഷ്യയുടെ നിക്കൊളായ് ഡേവിഡെങ്കോയും തമ്മില്‍ നടന്ന മത്സരത്തില്‍ വാതുവെപ്പ് നടന്നു എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് എ.ടി.പി തലവന്‍ പറഞ്ഞു. 200 നു മുകളില്‍ റാങ്കുള്ളവരാണ് ഇതുവരെ എ.ടി.പിയുടെ അച്ചടക്ക നടപടിക്ക് വിധേയരായത്. പക്ഷേ, വ്യക്തമായ തെളിവില്ലാത്തതിനാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട താരങ്ങളുടെ പേരു വിവരങ്ങള്‍ ബി.ബി.സി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവര്‍ഷം മാത്രം അമ്പതിലേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി യൂറോപ്യന്‍ സ്‌പോര്‍ട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍ ഇന്റഗ്രിറ്റി ഏജന്‍സിക്ക് വിവരം കൈമാറിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.