സൗദിയിൽ റോഡിലൂടെ അലഞ്ഞ് നടന്ന സിംഹത്തിന് വാഹനമിടിച്ച് പരിക്ക്

സൗദി അറേബ്യയിൽ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന സിംഹത്തിന് വാഹനമിടിച്ച് പരിക്ക്. പരിക്കേറ്റ സിംഹത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം നാഷണൽ വൈൽഡ് ലൈഫ് സെന്ററിലേക്ക് മാറ്റി. റിയാദിൽ വെച്ചാണ് സിംഹത്തിന് വാഹനമിടിച്ചത്. പരിക്കേറ്റ് സിംഹത്തിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. സൗദി എൻവയർമെന്റൽ സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തിയാണ് സിംഹത്തെ രക്ഷിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിൽ നിയമപ്രകാരം വന്യജീവികളെ കൈവശം വെക്കുന്നത് കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം രാജ്യത്ത് അനധികൃതമായി വംശനാശം നേരിടുന്ന വന്യ മൃഗങ്ങളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭൂരിഭാഗം കച്ചവടവും നടക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ റിയാദിൽ ഒരു സിംഹം അതിന്റെ സൂക്ഷിപ്പുക്കാരനെ കടിച്ചു കീറി കൊന്നിരുന്നു.