സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല

റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യവ്യാപകമായി വാക്‌സിനേഷൻ പദ്ധതി പുരോഗമിച്ച് വരികയാണ്. രാജ്യത്തൊട്ടാകെ ഇത് വരെ 21, 60,727 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനും പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.
എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രമെടുത്തവർക്ക് പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്. അതേസമയം ഒരു ഡോസ് മാത്രമെടുത്തവർക്കും സ്വിഹത്തി ആപ്പിൽ നിന്ന് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രാജ്യത്ത് വിതരണത്തിന് അനുമതി നൽകിയിട്ടുള്ള ഒരു വാക്‌സിനും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആസ്ട്രസെനിക്ക വാക്‌സിൻ വിതരണം നിർത്തിവെച്ചതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.