ട്രാൻസ്ജെൻഡർ‍സിന് അവർ‍ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ‍ എൻസിസിയിൽ‍ ചേരാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി


കൊച്ചി: വനിതാ വിഭാഗം എൻസിസിയിൽ‍ ചേരാൻ ട്രാൻസ് ജെൻഡർ‍ യുവതിക്ക് അനുമതി നൽ‍കി കേരള ഹൈക്കോടതി. ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. വനിതാ വിഭാഗം എൻസിസിയിൽ‍ ചേരുന്നതിൽ‍ വിലക്കിയ തീരുമാനത്തിനെതിയാണ് ഹിന കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് നിർ‍ണായകമായ ഉത്തരവിട്ടത്. ട്രാൻസ്ജെൻഡർ‍ വിഭാഗത്തിൽ‍ നിന്നുള്ളവർ‍ക്ക് അവർ‍ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ‍ എൻസിസിയിൽ‍ ചേർ‍ന്ന് പ്രവർ‍ത്തിക്കാനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ പ്രാപ്തമാകുന്നത്.

 ലിംഗവ്യത്യാസം വരുത്തി പിന്നീട് ചേരാനാകില്ലെന്ന എൻസിസിയുടെ വാദം കോടതി തള്ളി. 1948ലെ എൻസിസി ആക്ടിലെ 6ാം സെക്ഷനെതിരെയാണ് ഹിന കോടതിയെ സമീപിച്ചത്. എൻസിസിയുടെ മേൽ‍നോട്ടം നിർ‍വഹിക്കുന്ന പ്രതിരോധ മന്ത്രാലയം ട്രാൻസ് ജെൻഡർ‍ വ്യക്തിയെ എൻസിസിയിൽ‍ ചേരാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മലപ്പുറം സ്വദേശിയായ ഹിന മൂന്ന് സഹോദരിമാരുടെ ഏക സഹോദരനായാണ് ജനിച്ചത്. സ്കൂൾ‍ കാലഘട്ടത്തിൽ‍ എൻസിസിയുടെ ജൂനിയർ‍ വിഭാഗത്തിൽ‍ പുരുഷ വിഭാഗത്തിലാണ് ഹിന പ്രവർ‍ത്തിച്ചത്. പത്താംക്ലാസിൽ‍ വച്ച് എൻസിസിയുടെ എ സർ‍ട്ടിഫിക്കറ്റ് പരീക്ഷയും ഹിന പൂർ‍ത്തിയാക്കിയിരുന്നു.

പത്തൊന്പതാം വയസിലാണ് ട്രാൻസ് വ്യക്തിത്വം ഹിന തിരിച്ചറിഞ്ഞ് അംഗീകരിച്ചത്. വീട് വിട്ട് ബംഗളൂരുവിലെത്തിയ ഹിന ഇരുപതാം വയസ്സിൽ‍ സെക്സ് റീഅസൈന്‍മെന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയ ആവുകയായിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ‍ ചേർ‍ന്ന ഹിനയ്ക്ക് എൻസിസിയിൽ‍ ചേരണമെന്ന ആഗ്രഹത്തിന് വെല്ലുവിളികൾ‍ ഏറെയായിരുന്നു.  2019 ഒക്ടോബറിൽ‍ കോളേജിലെ എൻസിസി യൂണിറ്റിലും തിരുവനന്തപുരത്തെ എൻസിസി കമാൻഡിംഗ് ഓഫീസർ‍ക്കും എൻസിസിയിൽ‍ വനിതാ വിഭാഗത്തിൽ‍ ചേരാൻ അനുവദിക്കണമെന്ന അപേക്ഷ സ്വീകരിക്കാതെ വന്നതോടെയാണ് ഹിന കോടതിയെ സമീപിക്കുന്നത്.

You might also like

Most Viewed