സൗദിയിൽ ഗാർഹിക തൊഴിലാളികൾ വേതന സുരക്ഷാ പദ്ധതിയിൽ

റിയാദ് : സൗദിയിൽ ഹൗസ് ഡ്രൈവർ, മറ്റു വീട്ടുജോലിക്കാർ തുടങ്ങിയ ഗാർഹിക തൊഴിലാളികളും വേതന സുരക്ഷാ പദ്ധതിയിൽ. പുതിയ വിസകളിൽ സൗദിയിലെത്തുന്ന മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ഇന്നലെ മുതൽ വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കി. മറ്റു തൊഴിലാളികളെ വേതന സുരക്ഷാ പദ്ധതിയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
തൊഴിലാളികളുടെ വേതനം കൃത്യ സമയത്ത് തന്നെ നൽകുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനായി ഗാർഹിക തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുള്ള പ്രീ പെയ്‌ഡ് കാർഡുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മന്ത്രാലയം തുടക്കം കുറിച്ചു. പ്രീ പെയ്‌ഡ് കാർഡുകൾ വഴി ശന്പളംഗാർഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്ന പദ്ധതിയാണിത്.
തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.
ഗാർഹിക തൊഴിലാളികൾക്ക് ശന്പളംലഭിക്കാത്ത നിരവധി പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിക്കുന്നത്. ഇതിന്പുറമെ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ വേതന സുരക്ഷാ നിയമം ഗാർഹിക മേഖലക്കും ബാധകമാക്കുന്നത്.
കരാർ പ്രകാരമുള്ള ശന്പളം വിതരണംചെയ്യുന്നതിന് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് പോർട്ടലിൽ നിന്നുള്ള തൊഴിൽ കരാറിന്റെ പകർക്ക് ബാങ്കിൽ സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ പേരിൽ അക്കൗണ്ട് തുടങ്ങേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.