ഹെലികോപ്റ്റർ തകർന്ന് സൗദി രാജകുമാരൻ അന്തരിച്ചു

റിയാദ് : യെമൻ അതിർത്തിയിൽ ഹെലികോപ്റ്റർ തകർന്ന് സൗദി രാജകുമാരൻ അന്തരിച്ചു. അസീർ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറായ മൻസൂർ ബിൻ മുഖ്‌രിൻ രാജകുമാരനാണ് മരിച്ചത്. മുൻ കിരീടവകാശി മുഖ്‌രിൻ ബിൻ അബ്ദുൽ അസീൽ അൽ സൗദിന്റെ മകനാണ്. ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമല്ല.
ഹൂതി വിമതരുമായി സംഘർഷം നിലനിൽക്കുന്ന സൗദി- −യെമൻ ദക്ഷിണ അതിർത്തിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥർക്കൊപ്പം സംഘർഷ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. സൗദി ഔദ്യോഗിക വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൂതി വിമതരുമായുള്ള സംഘർഷം പ്രദേശത്ത് രൂക്ഷമായി നിലനിൽക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയുള്ള ഹൂതി മിസൈലാക്രമണം കഴിഞ്ഞ ദിവസം സൗദി സേന തടഞ്ഞിരുന്നു.