സൗദിയില്‍ ചാവേര്‍ ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

റിയാദ് : സൗദി അറേബ്യയില്‍ മദീന പള്ളിക്ക് തൊട്ട് സമീപത്തും ഖത്തീഫിലുമായുണ്ടായ ചാവേര്‍ ആക്രമണങ്ങളിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നോമ്പു തുറ സമയത്തായിരുന്നു ആക്രമണമുണ്ടായത്.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച ഒരുക്കങ്ങള്‍ക്കിടയിലാണ് ആക്രമണം. മദീനയില്‍ മസ്ജിദിന് സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു സ്‌ഫോടനം നടത്തിയത്. പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ പദ്ധതി. പള്ളിയിലെത്തും മുൻപ് ചാവേറിനെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മഗ്‌രിബ് നമസ്‌കാരത്തിനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ സമയം പള്ളിയിലുണ്ടായിരുന്നത്.
കത്തീഫില്‍ ഷിയാ പള്ളിക്ക് സമീപത്തും നോമ്പുതുറ സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്നലെ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപത്തുണ്ടായ ചാവേർ ആക്രമണത്തിന് പുറമെയാണ് ഇത്. 30 കാരനായ ബ്രിട്ടീഷ് യുവാവാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു.