ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം പതിനാറാമത് വാർഷികം മെയ് 30ന്


അക്ബർ പൊന്നാനി

ജിദ്ദ: ജീവ കാരുണ്യ, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ കഴിഞ്ഞ 16 വർഷമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) ജിദ്ദയുടെ 16 -മത് വാർഷിക ആഘോഷം "അമൃതോത്സവം 2025" എന്ന പേരിൽ മെയ് മാസം 30ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ തഹ്‌ലിയ റോഡിലുള്ള ലയാലി അൽനൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യാതിഥി ആയിരിക്കും.

പി ജെ എസ് ലേഡീസ് വിങ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിക്കുന്ന ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന സെമി ക്‌ളാസിക്കൽ ഡാൻസ്, ഫൈസ ഗഫൂർ അണിയിച്ചൊരുക്കുന്ന ഒപ്പന, സ്രീത അനിൽകുമാർ അണിയിച്ചൊരുക്കുന്ന ഇൻട്രൊഡക്ഷൻ ഡാൻസ് എന്നിവ വാർഷികാഘോഷം വർണാഭമാക്കും.

പി ജെ എസ് ഡ്രാമ ടീം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം "കഥാനായകൻ" ആണ് പരിപാടിയിലെ മറ്റൊരു സവിശേഷത. അജിത് നീർവിളാകന്റെ രചനയിൽ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്യുന്നതാണ് നാടകം.

പി ജെ എസ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ജിദ്ദയിലെ പത്രപ്രവർത്തകൻ ജാഫറലി പാലക്കോടിനും പി ജെ എസ് ഫൗണ്ടർ മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിർത്തുന്നതിനായി ഏർപ്പെടുത്തിയ അവാർഡ് ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ഷിബു തിരുവനന്തപുരത്തിനും പരിപാടിയിൽ വെച്ച് സമ്മാനിക്കും.

പി ജെ എസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർട്ടിസ്റ് അജയകുമാറിന്റെ മകൾ ആർദ്ര അജയകുമാറിനാണ് സമ്മാനിക്കുന്നത്.

ജിദ്ദയിലെ ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു് പിജെസ് ഫൗണ്ടർ മെമ്പറും മെഡിക്കൽ വിങ്ങ് കൺവീനറുമായ ശ്രീ. സജി കുറുങ്ങാടിനും, പിജെസ്സ് മുൻ ലേഡീസ് വിങ് കൺവീനറുമായിരുന്ന ശ്രീമതി ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ അനുമോദനം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് നായർ (0508646093), പ്രോഗ്രാം കൺവീനർ മാത്യു തോമസ് (0509736558) നൗഷാദ് ഇസ്മായിൽ (0508350151), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സന്തോഷ് നായർ, ജോസഫ് വർഗീസ്, നൗഷാദ് ഇസ്മായിൽ, ജോർജ് വർഗീസ്, അയൂബ് ഖാൻ പന്തളം, മാത്യു തോമസ്, വിലാസ് കുറുപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

article-image

രപരകപ

You might also like

Most Viewed