ഒമാനിൽ വീണ്ടും മെർസ് രോഗം റിപ്പോർട്ട് ചെയ്തു

ഒമാനിൽ വീണ്ടും മെർസ് ബാധ റിപ്പോർട്ട് ചെയ്തു. മുസന്നയിൽ നിന്നുള്ള 54 വയസുകാരനാണ് ചികിത്സയിലുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. റഫറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഏഴാം തവണയാണ് രാജ്യത്ത് മെർസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ അറിയിച്ചു. ലോകത്ത് ഇതുവരെയായി 2080 ‘മെർസ്‘ ബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 722 പേർ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. മിഡിലീസ്റ്റ് രാജ്യങ്ങളിൽ 864 പേർക്കാണ് രോഗം പിടിപ്പെട്ടത്.
ഒട്ടകങ്ങളിൽ നിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ പോകുന്നവർ ആരോഗ്യകരമായ മുൻകരുതൽ നടപടികൾ കൈകൊള്ളണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മെർസ. കടുത്ത പനി, ചുമ, അതി കഠിനമായ ശ്വാസ തടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാം.