മെക്സിക്കോ ഭൂചലനത്തിൽ മരണം 139 ആയി

മെക്സിക്കോ സിറ്റി : മെക്സിക്കൻ തലസ്ഥാന നഗരിയിൽ ഇന്നലെയുണ്ടായ വൻ ഭൂചലനത്തിൽ മരണം 139 ആയി. ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീണു. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ചു തെരുവിലേക്ക് ഓടിയിറങ്ങി. മോറെലോസിലാണ് ഏറ്റവുമധികം മരണം ഉണ്ടായത്. 64 പേരാണ് ഇവിടെ മരിച്ചത്. ഭൂകമ്പത്തിൽ തകർന്ന ആശുപത്രികളിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. മെക്സിക്കോ സിറ്റിയിൽ 27 കെട്ടിടങ്ങൾ തകർന്നതായി പ്രസിഡന്റ് എൻറിക് പെന നിയെറ്റോ അറിയിച്ചു. ദുരിതാശ്വാസപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. രാത്രിമുഴുവൻ രക്ഷാപ്രവർത്തനമായിരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു. മെക്സിക്കോ സിറ്റിയിലെ വിമാനത്താവളം അടച്ചിട്ടെങ്കിലും വൈകുന്നേരത്തോടെ തുറന്നു. സ്കൂളുകളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.