മണിപ്പൂരിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; ആയുധങ്ങൾ കവർന്നു

മണിപ്പൂരിൽ സംഘർഷമടങ്ങുന്നില്ല. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇംഫാൽ വെസ്റ്റിലെ സെൻഞ്ചം ചിരാങ്ങിലാണ് പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ തലക്ക് വെടിയേൽക്കുകയായിരുന്നു. ബിഷ്ണുപൂരിൽ രണ്ട് സുരക്ഷാ ഔട്ട്പോസ്റ്റുകൾ തകർത്ത് ഓട്ടോമാറ്റിക് തോക്ക് അടക്കം പൊലീസിന്‍റെ ആയുധങ്ങൾ ജനക്കൂട്ടം കവർന്നു. മണിപ്പൂർ പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ബിഷ്ണുപൂർ ജില്ലയിലെ മണിപ്പൂർ സായുധ പൊലീസ് രണ്ടാം ബറ്റാലിയനിലെ കീരേൻഫാബി പൊലീസ് ഔട്ട്‌പോസ്റ്റും തങ്കലവായ് ഔട്ട്‌പോസ്റ്റുമാണ് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ജനക്കൂട്ടം തകർക്കുകയും ആയുധങ്ങൾ കൊള്ളയടിക്കുകയും ചെയ്തത്.
ഹെയിൻഗാങ്ങിലും സിങ്ജമെയിലും ജനക്കൂട്ടം ഇത്തരത്തിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തടയാൻ സാധിച്ചു. കൗത്രുകിലും ഹരോതേൽ, സെൻഞ്ചം ചിരാങ് മേഖലകളിൽ അക്രമികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. വിവിധ സ്ഥലങ്ങളിൽ അനിയന്ത്രിതമായ ആൾക്കൂട്ടം വെടിവെപ്പുമുണ്ടായി - പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
adssadsads