ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ പാസാക്കി ലോക്‌സഭ


നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസായത്. ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്‍ പാസായതോടെ പ്രതിഷേധ സൂചകമായി നിരവധി പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിന്റെ പകര്‍പ്പ് കീറി വലിച്ചെറിഞ്ഞ എഎപി അംഗം സുശീല്‍ കുമാര്‍ റിങ്കുവിനെ ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തു.

ബില്‍ പാസായതോടെ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ‘ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി പലതവണ വാഗ്ദാനം നല്‍കിയിരുന്നു. പ്രധാനമന്ത്രിയായാല്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്രമോദി പറഞ്ഞത് 2014ലാണ്. പക്ഷേ ഇന്നതെല്ലാം ലംഘിക്കപ്പെട്ടു. ഭാവിയില്‍ നരേന്ദ്രമോദിയുടെ വാക്കുകള്‍ വിശ്വസിക്കരുത്’. അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

നാല് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടയിലാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. ബില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഇലക്ട് ചെയ്തവര്‍ക്ക് പകരം സെലക്ട് ചെയ്തവരെ പ്രതിഷ്ഠിക്കാനാണ് ശ്രമമെന്ന് ശശി തരൂര്‍ എം പി കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ വഴി അധികാരം സ്വന്തമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയമ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാരിന്റെ ബില്ലെന്ന് എ എം ആരിഫ് എംപി വിമര്‍ശിച്ചു. അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രഭരണ പ്രദേശമായതിനാല്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ അവകാശവും കേന്ദ്രത്തിനുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.

article-image

asdadsadsads

You might also like

Most Viewed