കഞ്ചാവ് കേസ്: സിംഗപ്പൂരിൽ ഇന്ത്യൻ വംശജന്‍റെ വധശിക്ഷ നടപ്പാക്കി

കഞ്ചാവ് കടത്ത് കേസിൽ കുറ്റക്കാരനെന്നു സിംഗപ്പൂർ കോടതി വിധിച്ച ഇന്ത്യൻ വംശജന്‍റെ വധശിക്ഷ നടപ്പാക്കി. തങ്കരാജു സുപ്പയ്യ (46)യുടെ വധശിക്ഷ ഇന്ന് ചാംഗി ജയിൽ കോംപ്ലക്‌സിൽ നടപ്പാക്കിയതായി സിങ്കപ്പൂർ പ്രിസൺസ് സർവീസ് വക്താവ് അറിയിച്ചു. വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിച്ചാണ് നടപടി. തൂക്കിക്കൊല്ലൽ വിധി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് നേരത്തെ അഭ്യർഥിച്ചിരുന്നു. ബ്രിട്ടനും ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ അഭ്യർഥനകളെല്ലാം തള്ളിക്കളഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. 2017ലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് തങ്കരാജുവിനെ അധികൃതർ പിടികൂടിയത്. വധശിക്ഷ ലഭിക്കാവുന്നതിന്‍റെ രണ്ടിരട്ടി (1,017 ഗ്രാം)കഞ്ചാവാണ് തങ്കരാജുവിൽ നിന്നും അധികൃതർ പിടികൂടിയത്. 2018 ൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു.
എന്നാൽ തങ്കരാജു നിരപരാധിയായിരുന്നുവെന്നും പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശം കഞ്ചാവില്ലായിരുന്നുവെന്നുമാണ് ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ കമ്മിഷൻ അംഗം ബ്രാൻസൺ പറയുന്നത്. എന്നാൽ തങ്കരാജു കുറ്റക്കാരനായിരുന്നുവെന്നും സംശയത്തിന്‍റെ ആനുകൂല്യം പോലും നൽകേണ്ടതില്ലെന്നുമായിരുന്നു സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി. ലഹരിമരുന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതിനായി ഇയാൾ രണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു. തങ്കരാജുവിന്‍റെ കുടുംബം ദയാഹർജി സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളി. കഴിഞ്ഞ ആറുമാസത്തിനിടെ സിംഗപ്പൂര്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
dxsads