ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞടുപ്പ്: ആംആദ്മിയുടെ ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്ക് തിളക്കമാർന്ന വിജയം

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞടുപ്പിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയും ആംആദ്മി പാർട്ടി നേതാവുമായ ബോബി കിന്നാറിന് തിളക്കമാർന്ന വിജയം. കോൺഗ്രസ് സ്ഥാനാർഥി വരുണ ധാക്കയെ 6,714 വോട്ടുകൾക്കാണ് ബോബി കിന്നാർ പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് ബോബി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഡൽഹി മുൻസിപ്പൽ തെരഞ്ഞടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ അംഗവും ബോബിയാകും. കഴിഞ്ഞ തവണയും ആംആദ്മി സ്ഥാനാർഥിയായിരുന്നു ഈ വാർഡിൽ നിന്ന് വിജയിച്ചത്.
2017ൽ സഞ്ജീവ് കുമാറാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബോബി സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ അന്ന് പരാജയപ്പെട്ടു. സുൽത്താൻപുരിയിൽ ബോബി ഡാർലിങ് എന്നറിയപ്പെടുന്ന ബോബി ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡൽഹി യൂണിറ്റ് പ്രസിഡന്റാണ്. ട്രാൻസ്ജെൻഡറായതിനാൽ താൻ നേരിട്ട ദുരനുഭവങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ 38 വയസുള്ള അവർ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ മുൻസിപ്പൽ കോർപ്പറേഷനിലെ അഴിമതി തുടച്ചുനീക്കാൻ പ്രവർത്തിക്കുമെന്ന് ബോബി വോട്ടർമാർക്ക് വാക്കുനൽകിയിട്ടുണ്ട്.
fghfhfh